കിളിമാനൂർ: വിവിധ മേഖലകളിൽ ലോക്ക് ഡൗൺ ഇളവുകൾ നൽകിയെങ്കിലും ടൂറിസ്റ്ര് ബസുകളുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കല്യാണങ്ങൾക്കും വിനോദയാത്രകൾക്കുമെല്ലാം വിലക്കുള്ളതിനാൽ കട്ടപുറത്തായത് നൂറ് കണക്കിന് അന്തർ സംസഥാന ബസുകളും ടൂറിസ്റ്റ് ബസുകളുമാണ്. ലക്ഷങ്ങൾ വായ്പയെടുത്തു വാഹനം വാങ്ങി വരുമാനം നിലച്ചപ്പോൾ തിരിച്ചടവിനു വഴികാണാതെ കടക്കെണിയിലേക്ക് നീങ്ങുകയാണ് ഉടമകളും. നിരവധി മറ്റു ജീവനക്കാരും ഈ മേഖലയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. കടുത്ത മത്സരം നിലനിന്നിരുന്ന മേഖലയായിരുന്നതിനാൽ പലരും ലക്ഷങ്ങൾ മുടക്കിയാണ് ബസുകളിൽ വിവിധ സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. ഇത്തരത്തിൽ പണം മുടക്കിയവരെല്ലാം ഇന്ന് ആകെ പ്രതിസന്ധിയിലാണ്. ഫെബ്രുവരി മുതലാണ് ടൂറിസ്റ്റ് ബസ് സർവീസ് മേഖലയിലെ പ്രതിസന്ധി ആരംഭിച്ചത്. അന്തർ സംസ്ഥാന ബസ് സർവീസ് ബുക്കിംഗ് ഏജൻസികളും ദുരിതത്തിലാണ്. ജില്ലയിൽ അൻപതോളം ബുക്കിംഗ് ഏജൻസികളുണ്ട്. അംഗീകാരമില്ലാത്തവ വേറെയും.
പ്രശ്നം ഗുരുതരം
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കാണ് കൂടുതൽ സർവീസ് നടക്കുന്നത്. നിലവിൽ തമിഴ്നാട് സർക്കാർ സർവിസിന് അനുമതി നൽകണമെങ്കിൽ ഓട്ടം ഇല്ലാതെ കിടന്ന ആറ് മാസത്തെ റോഡ് നികുതി കൊടുക്കണമെന്ന വ്യവസ്ഥയാണ് മറ്റൊരു പ്രതിസന്ധി. ഇതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതിയിൽ കേസും നിലനിൽക്കുന്നുണ്ട്. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന ടൂറിസ്റ്റ് ബസുകളിൽ മൂന്നു ഡ്രൈവർമാർ, രണ്ട് വീതം അറ്റൻഡർ, ക്ലീനർ എന്നിങ്ങനെ വേണം. ശമ്പളത്തിന് പുറമെ പ്രതിദിനം 1400 മുതൽ 2400രൂപ വരെ ലഭിച്ചിരുന്നു.
ഏജൻസികൾ പട്ടിണിയിൽ
അന്തർ സംസ്ഥാന യാത്രക്കാരിൽ അറുപത് ശതമാനവും വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്തക്കളുമാണ്. ടിക്കറ്റ് നിരക്കിന്റെ പത്ത് ശതമാനമാണ് ഏജൻസികൾക്ക് ലഭിക്കുന്നത്. ബുക്കിംഗ് ഓഫീസിന്റെ പ്രവർത്തനത്തിന് കുറഞ്ഞത് മൂന്ന് ജീവനക്കാർ വേണം. മാസം കുറഞ്ഞത് 30000രൂപ ഓഫീസ് ആവശ്യത്തിന് മാത്രം വേണം.
നഷ്ട കണക്ക്
-----------------------
ബാറ്ററി: 25000
ഇൻഷ്വറൻസ് - 25000-95000
ടാക്സ് (മൂന്ന് മാസം ) 30000 - 60000