z

നെയ്യാ​റ്റിൻകര: കൊവിഡ് നിത്യ ജീവിതത്തിൽ പിടിമുറുക്കിയതോടെ എല്ലാവരും ചെറിയ രീതിയിലെങ്കിലും കൃഷി ചെയ്യുന്നുണ്ട്. അതിൽ തന്നെ മുതൽ മുടക്ക് അധികമില്ലാതെ ഏറ്റവും ആദായകരമായ കൃഷിരീതിയാണ് ജനങ്ങൾ അന്വേഷിക്കുന്നത്. നിലവിലുള്ളതിൽ വച്ച് ആദായകരമായ കൃഷി രീതിയാണ് സീറോ ബഡ്ജറ്റ് കൃഷി. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ബസവ ശ്രീ സുഭാഷ് പലേക്കർ വികസിപ്പിച്ച ജൈവകൃഷിരീതിയാണ് സീറോ ബജ​റ്റ് നാച്ചുറൽ ഫാമിംഗ് അഥവാ ചിലവില്ലാ കൃഷി. ഇദ്ദേഹത്തിന്റെ സങ്കല്പമനുസരിച്ച് കൃഷി ചെയ്യാൻ നാലു ഘടകങ്ങളാണ് പ്രധാനമായി വേണ്ടത് മണ്ണ്, വിത്ത്, കൃഷിക്കാരന്റെ അധ്വാനം, ഒരു നാടൻ പശു. ഒരു നാടൻ പശുവിൽ നിന്നു കിട്ടുന്ന ചാണകവും മൂത്രവും ഉപയോഗിച്ച് മുപ്പതേക്കർ വരെ സ്ഥലത്ത് കൃഷി ചെയ്യാൻ സാധിക്കുമെന്ന് ഈ കൃഷി രീതി പിന്തുടരുന്ന കർഷകർ പറയുന്നു.

 നാടൻപശു

സങ്കരയിനം പശുക്കളെ അപേക്ഷിച്ച് നാടൻ പശുക്കളുടെ ചാണകത്തിലാണ് കൂടിയ അളവിൽ സൂക്ഷ്മാണുക്കൾ അടങ്ങിയിരിക്കുന്നത്. ചെടികളെ ദോഷകരമായി ബാധിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കുന്നതിനുള്ള കഴിവ് നാടൻ പശുക്കളുടെ മൂത്രത്തിനുണ്ട്. ചാണകം ഏ​റ്റവും പുതിയതും മൂത്രം ഏ​റ്റവും പഴയതും ആയിരിക്കണമെന്ന് മാത്രം. ഒരു നാടൻ പശുവിനെ വളർത്തുന്ന കർഷകന് ഒരു ഗ്രാം പോലും വളമോ കീടനാശിനികളോ പുറമേ നിന്നു വാങ്ങേണ്ടതായി വരില്ല. സീറോ ബജ​റ്റ് കൃഷിയുടെ തത്വങ്ങളനുസരിച്ച് മണ്ണ് വളക്കൂറുള്ളതാകുന്നത് നാലു വിധത്തിലാണ്. പുനചംക്രമണം, ക്യാപ്പില്ലറി ശക്തി, ചുഴലിക്കാ​റ്റ്, നാടൻ മണ്ണിര എന്നിവയാണ് വളക്കൂറു കൂട്ടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.

 പുനചംക്രമണം

എത്ര കരുത്തിൽ വളരുന്ന സസ്യവും കാലക്രമത്തിൽ നശിക്കുകയും ജൈവ അവശിഷ്ടങ്ങൾ ചീഞ്ഞ് വളമാകുകയും ചെയ്യുന്നു. ഏതു ജൈവവസ്തുവും അഴുകിച്ചേർന്നു കഴിയുമ്പോൾ കാർബണും നൈട്രജനുമായി മണ്ണിൽ ലയിക്കും. അതിനാൽ മണ്ണിനെ ആഴത്തിൽ ഉഴുതുമറിക്കരുത്. മേൽ മണ്ണ് ഈർപ്പത്തെ പിടിച്ച് നിറുത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

 ക്യാപ്പില്ലറി ശക്തി


മഴക്കാലത്ത് മൺതരികൾക്കിടയിലൂടെ വെള്ളം ഒഴുകി ഭൂമിയുടെ അടിനിരപ്പുകളിലെത്തുന്നു. അവിടെ നിന്ന് വേനൽക്കാലത്ത് ക്യാപ്പില്ലറി പ്രവർത്തനം മുഖേന വെള്ളവും അതിൽ ലയിച്ചു ചേരുന്ന പോഷകങ്ങളും ലവണങ്ങളും ചെടികളിലേക്ക് എത്തുന്നു. ഇത്തരത്തിൽ മണ്ണ് ക്രമീകരിക്കണം.

 നാടൻ മണ്ണിര

മണ്ണിര പ്രവർത്തിക്കുമ്പോൾ രണ്ടു ചെടികൾക്കിടയിൽ ശാന്തമായ വായുപ്രവാഹമുണ്ടായിരിക്കും. മണ്ണിരകളുടെ പ്രവർത്തനം നല്ല തോതിൽ നടന്നാൽ ചെടികൾക്കു പ്രയോജനമുണ്ടാകും.