66

ചിറയിൻകീഴ്: തുടർച്ചയായുള്ള കനത്തമഴയിൽ ജില്ലയിൽ വ്യാപക നാശം. വർക്കല മേഖലയിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. തീരദേശ മേഖലയിൽ ശക്തമായ കടൽക്ഷോഭവും കാറ്റും അനുഭവപ്പെടുന്നുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി ലൈനിനു മുകളിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. ജില്ലയിലെ മിക്ക വയലുകളും വെള്ളത്തിലായി. വാമനപുരം നദിയും കൈവഴിയായ ചിറ്റാറും മീൻമുട്ടിയും നിറഞ്ഞൊഴുകി. ചിറയിൻകീഴ് പുളിമൂട്ടിൽ കടവിൽ നിന്നും കരുന്ത്വാക്കടവിലേക്ക് പോകുന്ന റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് വാമനപുരം നദിയിൽ പതിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കനത്ത മഴയെ തുടർന്ന് വിതുര,​ തൊളിക്കോട് പഞ്ചായത്തുകളിലായി 16 വീടുകൾ ഭാഗികമായി തകർന്നു. അമ്പതോളം വീടുകളിൽ വെള്ളം കയറി.