education
വിദ്യാഭ്യാസ വായ്പാ

കാസർകോട്: ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം അവസാനിച്ചതോടെ വിദ്യാഭ്യാസ വായ്പ എടുത്തവർ ദുരിതത്തിൽ. കൊവിഡ് പശ്ചാത്തലത്തിൽ ജോലിയിൽ പ്രവേശിച്ചവരിൽ പലരുടെയും ജോലി നഷ്ടമായിട്ടുണ്ട്. ജോലി ലഭിക്കാത്തവരും നിരവധിയാണ്. മോറട്ടോറിയം കാലാവധി അവസാനിച്ചതോടെ ഇവരെല്ലാം ബാങ്കുകാരുടെ മാനസിക പീഡനത്തിന് ഇരയാകുകയാണ്.

സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലധികം പേർ വിദ്യാഭ്യാസ ലോൺ എടുത്ത് തിരിച്ചടക്കാൻ പറ്റാത്ത സ്ഥിതിയിലാണ്. വിദ്യാഭ്യാസ വായ്പ എടുത്തവരെ കരപറ്റിക്കാൻ 2017 ൽ സർക്കാർ ഇ.എൽ.ആർ.എസ് സ്‌കീം ആവിഷ്കരിച്ചെങ്കിലും ഫലം ചെയ്തില്ല. വിദ്യാഭ്യാസ വായ്പയ്ക്ക് ആശ്വാസമായി 900 കോടി രൂപ സർക്കാർ പാസാക്കിയിരുന്നു. പലിശയും പിഴപ്പലിശയും എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറായാൽ വായ്പയുടെ 40 ശതമാനം വിദ്യാർത്ഥിയും 60 ശതമാനം സർക്കാരും അടച്ച് തീർക്കുമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ 135 കോടി രൂപ മാത്രമാണ് സർക്കാർ നൽകിയത്.

തുടർച്ചയായ പ്രളയം കാരണമാണ് തുക അനുവദിക്കാൻ സാധിക്കാത്തതെന്നാണ് സർക്കാരിന്റെ മറുപടി. സർക്കാർ സ്‌കീം പ്രകാരമുള്ള തുക ഉടൻ അനുവദിക്കണമെന്നും മോറട്ടോറിയം രണ്ടു വർഷം കൂടി നീട്ടി വായ്പ പലിശരഹിതമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.


എല്ലാവർക്കും ആനുകൂല്യമില്ല

16 ശതമാനം പലിശ വരെയാണ് വിദ്യാഭ്യാസ വായ്പകൾക്ക് ബാങ്കുകൾ ഈടാക്കുന്നത്. ഇ.എൽ.ആർ.എസ് സ്‌കീം പ്രകാരം മെറിറ്റ് സീറ്റിൽ പഠിച്ച കുട്ടികൾക്ക് മാത്രമാണ് അനുകൂല്യം നൽകുക. മാനേജ്‌മെന്റ് സീറ്റിൽ പഠിച്ച കുട്ടികൾക്കും ലഭിക്കത്തക്ക രീതിയിൽ വായ്പയെടുത്ത മുഴുവൻ പേർക്കും സ്‌കീമിലൂടെ ആനുകൂല്യം കിട്ടണമെന്നാണ് ആവശ്യം.

സർക്കാർ തുക ഉടൻ അനുവദിക്കണം. കൊവിഡിനെ തുടർന്ന് ഉണ്ടായിരുന്ന ജോലി പലർക്കും നഷ്ടമായിട്ടുണ്ട്. ബാങ്കുകൾ നിരന്തരം വിളിച്ച് ബുദ്ധിമുട്ടിക്കുന്നത് പലരെയും മാനസികമായി തളർത്തുന്നു

പ്രകാശൻ കണ്ണാടി വെളിച്ചം,

എഡ്യുക്കേഷൻ ലോണീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്

വിദ്യാഭ്യാസവായ്പ എടുത്തവർ

സംസ്ഥാനം- 2 ലക്ഷം

മോറട്ടോറിയം അവസാനിച്ചത് ആഗസ്റ്റ് 31ന്‌