കുറ്റ്യാടി: കൊവിഡ് കാലത്ത് മറ്റ് മേഖലകളെല്ലാം അതിജീവിച്ച് തുടങ്ങുമ്പോഴും ടാക്സി തൊഴിലാളികൾക്ക് ആശ്വാസമില്ല. യാത്രക്കാർ കൈയ്യൊഴിഞ്ഞതാണ് ഇവർക്ക് സങ്കടമാകുന്നത്. കുറ്റ്യാടി മേഖലയിലെ അഞ്ഞൂറിലധികം ടാക്‌സി ജീപ്പുകളൊക്കെ ഓട്ടമില്ലാതെ റോഡരികിൽ കാത്തിരിക്കുകയാണ്.
മരുതോങ്കര, കായക്കൊടി, ഭാഗങ്ങളിലേക്കും കൈവേലി, പാതിരിപ്പറ്റ, മുള്ളമ്പത്ത്, നരിപ്പറ്റ, തീക്കുനി, നിട്ടൂർ, കുമ്പളച്ചോല, ചെറിയ കൈവേലി, വേളം, ശാന്തിനഗർ, തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് നടത്തിയിരുന്ന ടാക്‌സികളുടെ ഇന്നത്തെ അവസ്ഥ എറെ പരിതാപകരമാണ്. മണിക്കൂറുകളോളം കാത്തിരുന്നാൽ മാത്രമേ ജീപ്പുകളിൽ കയറിയിരിക്കാൻ യാത്രക്കാർ എത്തുന്നുള്ളു. ചില സമയങ്ങളിൽ ഇന്ധന ചെലവിനുള്ള പണം പോലും ലഭിക്കുന്നില്ല എന്നാണ് ഡ്രൈവർമാർ പറയുന്നത്.
അഞ്ച് മണിക്ക് മുൻപ് എത്തുന്ന വാഹനങ്ങൾ വൈകീട്ട് ഏഴുമണി വരെ കാത്തിരുന്നാൽ ലഭിക്കുന്നത് ഒന്നോ രണ്ടോ ട്രിപ്പുകൾ. ലഭിക്കുന്ന വരുമാനം നിത്യ ചെലവിന് പോലും തികയില്ല. പലരും മറ്റ് തൊഴിൽ മേഖലകൾ തേടി പോയപ്പോൾ അതൊന്നും ചെയ്യാൻ കഴിയാത്തവരാണ് ടാക്‌സി മേഖലയിലുള്ളവരിൽ ചിലർ. വരുമാനം നിലച്ചതോടെ പലരും ഇൻഷൂറൻസും ബാങ്ക് ലോണും അടക്കാൻ കഴിയാതെ ആശങ്കയിലാണ്. ഇൻഷൂറൻസ് തുക കുറച്ചും മറ്റ് സഹായങ്ങൾ നൽകിയും ടാക്‌സി മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം.