''
പിറന്നാൾ ആഘോഷങ്ങളൊന്നുമില്ല. പ്രതീക്ഷ എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ്. കാലം വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
- മധു
തിരുവനന്തപുരം: മലയാളികളുടെ പ്രിയ നടനും മലയാള സിനിമയിലെ കാരണവരുമായ മധുവിന് ഇന്ന് 87ാം പിറന്നാൾ. പിറന്നാൾ ആഘോഷങ്ങളിൽ അത്രവലിയ കാര്യമൊന്നും ഇല്ലെന്ന് ആദ്യകാലം മുതൽ വിശ്വസിച്ചിരുന്ന ഈ മഹാനടൻ മറ്റുള്ളവർ ഒരുക്കുന്ന ആഘോഷങ്ങളിലും സന്തോഷത്തിലും പങ്കുചേരാറുണ്ടെന്ന് മാത്രം. കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ ഇക്കുറി പിറന്നാൾ ആഘോഷങ്ങളുണ്ടാകില്ലെന്ന് കേരളകൗമുദി ഫ്ളാഷിനോട് അദ്ദേഹം പറഞ്ഞു.." ആഘോഷങ്ങളൊന്നുമില്ല, മനുഷ്യരെ കണ്ടിട്ട് കുറേ നാളായി. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയിട്ടില്ല. ടിവിയിൽ നോക്കിയാൽ കൊറോണയും മഴയും മരണവും മാത്രം. അതിന്റെ കൂടെ സമരവും.." പ്രതീക്ഷ എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും കാലം വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
ഉപേക്ഷിച്ച അദ്ധ്യാപന ജോലി
തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്തംബർ 23ന് മാധവൻ നായർ എന്ന മധു ജനിച്ചു. മലയാള സിനിമയുടെ ശൈശവ കാലം മുതൽ സിനിമയോട് ചേർന്നുള്ള ജീവിതയാത്ര ഇന്നും തുടരുകയാണ് പകരംവയ്ക്കാനാകാത്ത ഈ അതുല്യപ്രതിഭ. അഭിനയത്തോടൊപ്പം സംവിധാനത്തിലും നിർമ്മാണത്തിലും കൈയ്യൊപ്പ് പതിപ്പിച്ച മധു കോളേജ് അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് ചേക്കേറിയത്. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായിരുന്നു. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരിക്കെയാണ് ജോലി രാജിവച്ച് നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ അഭിനയം പഠിക്കാൻ പോയത്. 1959ൽ എൻ.എസ്.ഡി യുടെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് മധു. ഈ കാലത്താണ് രാമു കാര്യാട്ടുമായി അടുപ്പത്തിലായത്. പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും സിനമയുടെ ബിഗ് സ്ക്രീൻ അദ്ദേഹത്തിന് മുന്നിലേക്ക് തുറക്കപ്പെടുകയായിരുന്നു.
മാധവൻ നായർ 'മധു'വായി
ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനിയിലൂടെയായിരുന്നു മധുവിന്റെ അരങ്ങേറ്റം. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധുവാക്കി മാറ്റിയത്. ആദ്യം അഭിനയിച്ച മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടത്തിലാണെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമിച്ച് എൻ.എൻ.പിഷാരടി സംവിധാനം ചെയ്ത 'നിണമണിഞ്ഞ കാല്പാടുകൾ' ആണ്. ഈ ചിത്രത്തിൽ പ്രേംനസീറിന്റെ നായക കഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ മനസിൽ തന്റേതായ ഒരിടം ഒരുക്കിയെടുത്തു. നിർമാതാക്കൾ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു ഇത്.
ഹൃദയം കീഴടക്കി പരീക്കുട്ടി
പ്രേംനസീറും സത്യനും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിൽ രംഗപ്രവേശം നടത്തിയതെങ്കിലും അധികം വൈകാതെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു സ്ഥാനം നേടിയെടുക്കാൻ മധുവിനായി. മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ് മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത്. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്. മന്നാഡേ ആലപിച്ച 'മാനസമൈനേ വരൂ....' എന്ന ഗാനം മധുവാണ് പാടിയതെന്നുവരെ ജനം വിശ്വസിച്ചു. ക്ഷുഭിത യൗവ്വനവും പ്രണയാതുരനായ കാമുകനുമൊക്കെയായി നിരവധി സിനിമകളിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ നായക വേഷത്തിൽ തിളങ്ങി. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി 370ൽ കൂടുതൽ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1980ൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പരസ്കാരവും 2004ൽ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയൽ അവാർഡും ലഭിച്ചു. 2013ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.
കാമറയ്ക്ക് പിന്നിലും
താരജാഡയൊന്നും ഇല്ലാത്ത സ്നേഹബന്ധങ്ങൾക്ക് ഉടമയായ മധു കാമറയ്ക്ക് മുന്നിൽ മാത്രമായി അഭിനയിച്ചു തീർക്കാൻ തയ്യാറല്ലായിരുന്നു. സംവിധായകൻ, നിർമാതാവ്, സ്റ്റുഡിയോ ഉടമ, സ്കൂൾ ഉടമ, കർഷകൻ തുടങ്ങിയ നിലകളിലേക്കും വളർന്നു. മെരിലാന്റ്, ഉദയ എന്നീ സ്റ്റുഡിയോകൾ മാത്രം ഉണ്ടായിരുന്ന കേരളത്തിൽ 1976ൽ തിരുവനന്തപുരം പുളിയറക്കോണത്ത് ഉമ ആർട്സ് സ്റ്റുഡിയോ മധുവിന്റെ ഉടമസ്ഥതയിൽ ആരംഭിച്ചു. മലയാള സിനിമ ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് പറിച്ചുനടപ്പെട്ട ആ കാലഘട്ടത്തിൽ മറ്റു പല സിനിമാ നിർമാതാക്കൾക്കും ഈ സ്റ്റുഡിയോ അനുഗ്രഹമായി. 1970ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പന്ത്രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇവയിൽ പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടി. കൂടാതെ മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങി 15 ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു.
പത്തിൽ പത്ത്
1963ൽ ആരംഭിച്ച മധുവിന്റെ അഭിനയ ജീവിതം നീണ്ട 57 വർഷം പിന്നിടുമ്പോൾ മികച്ച സിനിമ ഏതെന്ന് തിരഞ്ഞെടുക്കുക പ്രയാസമാണ്. കാരണം മിക്ക സിനിമകളും ഒന്നിനൊന്ന് മികച്ചവയാണ്. മലയാളികളുടെ മനസിൽ കുടിയിരുത്തപ്പെട്ട ചില പഴയ സിനിമകളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും കുറിച്ച്..
നിണമണിഞ്ഞ കാൽപ്പാടുകൾ ( 1963)
നവരത്നാ പ്രൊഡക്ഷനുവേണ്ടി ശോഭന പരമേശ്വരൻ നായർ നിർമിച്ച മധുവിന്റെ ആദ്യ മലയാള ചിത്രം. ചന്ദ്രതാരാ പിക്ചേഴ്സാണ് വിതരണത്തിനെത്തിച്ചത്. 1963 ഫെബ്രുവരി 22ന് ചിത്രം പ്രദർശനത്തിനെത്തി. പാറപ്പുറത്തിന്റെ നോവലിനെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ സ്റ്റീഫൻ എന്ന കഥാപാത്രത്തെയാണ് മധു അവതരിപ്പിച്ചത്. 1963 ലെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡിന് ചിത്രം അർഹമായി.
ഭാർഗ്ഗവീനിലയം (1964)
നീലവെളിച്ചം എന്ന തന്റെ കഥയ്ക്ക് ബഷീർ ഒരുക്കിയ തിരക്കഥയിലാണ് ഭാർഗ്ഗവീനിലയം ഇറങ്ങിയത് സംവിധായകൻ എ.വിൻസെന്റിന്റെ ആദ്യചിത്രമായിരുന്നു ഇത്. വിജയവാഹിനി സ്റ്റുഡിയോയിൽ വച്ച് ചന്ദ്രതാരാ പ്രൊഡക്ഷൻസിനു വേണ്ടി നിർമിച്ച ഈ ചിത്രം 1964 ഒക്ടോബർ 22ന് ചന്ദ്രതാരാ പിക്ചേഴ്സ് പ്രദർശനത്തിനെത്തിച്ചു. മലയാളത്തിൽ അവതരിപ്പിച്ച ആദ്യത്തെ പ്രേതകഥയായിരുന്നു ഭാർഗ്ഗവീനിലയം. മധു ഈ ചിത്രത്തിൽ സാഹിത്യകാരന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്.
ചെമ്മീൻ (1965)
തകഴിയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, രാമു കാര്യാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ചെമ്മീൻ. എസ്.എൽ പുരം സദാനന്ദൻ തിരക്കഥ രചിച്ച ചിത്രത്തിൽ മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവർ പ്രധാനവേഷങ്ങളിൽ എത്തി. പരീക്കുട്ടിയായി മധുവും പളനിയായി സത്യനും കറുത്തമ്മയായി ഷീലയും തകർത്തഭിനയിച്ച ചിത്രത്തിന്
1965ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ കമലം ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്.
മുറപ്പെണ്ണ് (1965)
എം.ടി കഥയെഴുതി എ. വിൻസെന്റ് സംവിധാനം ചെയ്ത ചിത്രമാണ് മുറപ്പെണ്ണ്. രൂപവാണിയുടെ ബാനറിൽ ശോഭനാ പരമേശരൻ നായരായിരുന്നു ചിത്രം നിർമ്മിച്ചത്. സ്നേഹത്തിന്റെ മുഖങ്ങൾ എന്ന എം.ടിയുടെ ചെറുകഥയിലെ പ്രമേയം തന്നെയാണ് ഇതിലുള്ളത്. കേശവൻ കുട്ടിയെന്ന കഥാപാത്രമായാണ് മധു ചിത്രത്തിൽ എത്തിയത്. ഉമ്മറിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്.
കടൽ (1968)
നീലാപ്രൊഡക്ഷൻസിനു വേണ്ടി പി.സുബ്രഹ്മണ്യം നിർമിച്ച ചിത്രമാണ് കടൽ. എ. കുമാരസ്വാമി ആൻഡ് കമ്പനി റിലീസ് ചെയ്ത ഈ ചിത്രം 1968 ജൂൺ 8ന് തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു തുടങ്ങി. ആന്റണി എന്ന കഥാപാത്രത്തെ മധു ഈ ചിത്രത്തിൽ അനശ്വരമാക്കി. മുട്ടത്തുവർക്കി കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയ ചിത്രത്തിൽ ശാരദ, ശാന്തി, രാജശ്രീ, കെ.പി.ഉമ്മർ, തിക്കുറിശി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു
തുലാഭാരം (1968)
കെ.പി.എ.സിയുടെ തുലാഭാരം എന്ന പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് തോപ്പിൽഭാസി രചിച്ച് എ.വിൻസെന്റ് സംവിധാനം ചെയ്ത തുലാഭാരം. വിജയ, വത്സല എന്നീ രണ്ട് കൂട്ടുകാരികളുടെ കഥയാണ്. വിൻസെന്റ് - തോപ്പിൽഭാസി കൂട്ടുകെട്ടിന്റെ ഒരു ഉത്തമസൃഷ്ടിയാണ് ഈ ചിത്രം. ബാബു എന്ന കഥാപാത്രത്തെയാണ് മധു അവതരിപ്പിച്ചത്.
ഓളവും തീരവും (1969)
പി.എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും പൂർണ്ണമായും സ്റ്റുഡിയോയ്ക്ക് വെളിയിൽ ചിത്രീകരിച്ച ആദ്യ മലയാള ചലച്ചിത്രമാണ്. എം.ടി ആണ് ഈ സിനിമയുടെ തിരക്കഥ എഴുതിയത്. മധു ബാപ്പൂട്ടി എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഉഷാ നന്ദിനി, ഫിലോമിന, ജോസ് പ്രകാശ് എന്നിവരും മുഖ്യ വേഷത്തിലെത്തി.
ആഭിജാത്യം (1971)
ശ്രീ രാജേഷ് ഫിലിംസിന്റെ ബാനറിൽ ആർ.എസ്. പ്രഭു നിർമിച്ച ചിത്രമാണ് ആഭിജാത്യം. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം തോപ്പിൽ ഭാസിയുടെ രചനയിൽ എ. വിൻസെന്റാണ് സംവിധാനം ചെയ്തത്. ആർ.എസ് പ്രഭു നിർമ്മാണം നിർവഹിച്ച ചിത്രത്തിൽ മധു, എസ്.പി. പിള്ള, അടൂർഭാസി, ശാരദ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി.
സ്വയംവരം (1972)
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ആദ്യത്തെ മുഴുനീളകഥാചിത്രമാണ് സ്വയംവരം.മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം വാങ്ങിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ്. വടക്കൻ കേരളത്തിൽ നിന്നും പ്രേമിച്ച് ഒളിച്ചോടി തിരുവനന്തപുരം നഗരത്തിലെത്തുന്ന വിശ്വം (മധു), സീത (ശാരദ) എന്നിവരുടെ കഥയാണ് ഈ ചിത്രം.
ഏണിപ്പടികൾ (1973)
കെ.പി.എ.സി ഫിലിംസിന്റെ ബാനറിൽ കാമ്പിശേരി കരുണാകരൻ നിർമിച്ച ഏണിപ്പടികൾ തോപ്പിൽ ഭാസി തിരക്കഥയും സംവിധാനവും ചെയ്ത ചിത്രമാണ്. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഫെബ്രുവരി 9ന് പ്രദർശനം തുടങ്ങി. കേശവപിള്ള എന്ന കഥാപാത്രത്തെയാണ് മധു അവതരിപ്പിച്ചത്.