മലയിൻകീഴ്: കാൽനടയാത്ര പോലും അസാധ്യമായ ഒരു റോഡ് കാരണം ഒരു നാടാകെ ദുരിതത്തിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. മാറനല്ലൂർ ഗ്രാമപഞ്ചായത്തിലുൾപ്പെട്ട അണപ്പാട് - ഭജനമഠം റോഡാണ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്.
അണപ്പാട് - പോങ്ങുംമൂട് പ്രധാന റോഡിൽ അണപ്പാട് പാലത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന ഈ റോഡ് നെല്ലിക്കാട്, അന്തിയൂർക്കോണം, കല്ലുവരമ്പ്, കണ്ടല, തൂങ്ങാംപാറ, പോങ്ങുംമൂട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകനുള്ള എളുപ്പമാർഗമാണ്. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ച് 8 വർഷം മുൻപ് ഈ റോഡ് നവീകരിച്ചിരുന്നു.
റോഡിൽ കുണ്ടും കുഴിയുമുള്ള ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ടാറിംഗ് ഇളകിമാറി വൻകുഴികൾ രൂപപ്പെട്ടതിനാൽ ഇതുവഴിയുള്ള വാഹനയാത്രയും ദുഷ്കരമാണെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ റോഡ് ആരംഭിക്കുന്നിടത്തുള്ള വലിയ ഇറക്കത്തിലും കയറ്റത്തിലും രൂപപ്പെട്ടിരിക്കുന്ന വൻകുഴികൾ സൃഷ്ടിക്കുന്ന അപകടസാധ്യത ഏറെയാണ്.
എൻ. ശക്തൻ മന്ത്രിയായിരുന്ന കാലത്ത് ഇതുവഴി കെ.എസ്.ആർ.ടി.സി.ബസ് സർവീസ് ഉണ്ടായിരുന്നു. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായിട്ടായിരുന്നു ബസ് സർവീസ് ആരംഭിച്ചത്. എന്നാൽ റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസ് സർവീസ് നിറുത്തലാക്കിയിരുന്നു. പലരുടെയും ശ്രമഫലമായി ബസ് സർവീസ് പുനഃരാരംഭിച്ചെങ്കിലും മാസങ്ങൾക്കൊടുവിൽ വീണ്ടും സർവീസ് നിറുത്തലാക്കി. പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്.
ജനങ്ങളുടെ ആവശ്യം
അണപ്പാട്, ഭജനമഠം, കുഴിവിള ഭാഗത്തുള്ളവർക്ക് കിള്ളി, കാട്ടാക്കട ഭാഗത്തേക്ക് പോകുന്നതിനുള്ള മാർഗമാണ് ഈ റോഡ്. രണ്ട് കിലോ മീറ്റർ ദൈർഘ്യമുള്ള അണപ്പാട് - ഭജനമഠം റോഡ് അടിയന്തരമായി നവീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. എം.എൽ.എ, ജില്ലാ പഞ്ചായത്ത്, പഞ്ചായത്തിന്റെ തനത് ഫണ്ടുകൾ വിനിയോഗിച്ച് ഈ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും പൊതുപ്രവർത്തകരും ജനപ്രതിനിധികൾക്ക് നിവേദനം നൽകിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. അധികൃതരുടെ അവഗണന തുടർന്നാൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം.