palarivattom-bridge

തിരുവനന്തപുരം / കൊച്ചി : പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണത്തിന്റെ മേൽനോട്ടം ഇ.ശ്രീധരൻ വഹിക്കുമെന്നും അദ്ദേഹവുമായി ആശയവിനിമയം നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. എട്ട് മാസത്തിനുള്ളിൽ പാലം ഗതാഗത യോഗ്യമാക്കാമെന്നാണ് പ്രതീക്ഷ.പുനർനിർമ്മാണത്തിന് മന്ത്രിസഭ ചുമതലപ്പെടുത്തിയ ഇ.ശ്രീധരനോട്‌

സുപ്രീംകോടതി വിധിക്ക് ശേഷം മന്ത്രി ജി.സുധാകരൻ സംസാരിച്ചിരുന്നു. കേസ് വൈകിയതിനാൽ ഡി.എം.ആർ.സി കേരളത്തിലെ പ്രവർത്തനം അവസാനിപ്പിച്ചെന്നും ആലോചിച്ച് മറുപടി നൽകാമെന്നുമായിരുന്നു ശ്രീധരന്റെ നിലപാട്. പിന്നീട് മുഖ്യമന്ത്രി ആവശ്യപ്പെട്ട ശേഷമാണ് സമ്മതിച്ചത്. പാലം പൂർത്തിയാക്കി സേവനം അവസാനിപ്പിക്കാനായിരുന്നു തീരുമാനം. ഹൈക്കോടതി വിധിയെത്തുടർന്ന് 10 മാസത്തിലധികം പദ്ധതി വൈകി. ഡി.എം.ആർ.സി ജീവനക്കാർ കൊച്ചി വിട്ടു. ഓഫീസും പൂട്ടിയിരുന്നു.

ശ്രീധരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാലം പൊളിച്ചുപണിയാൻ സർക്കാർ തീരുമാനിച്ചത്. 18 കോടിയിലധികം രൂപ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയാലും 20 വർഷത്തിൽ താഴെയാണ് ആയുസെന്ന് ശ്രീധരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി തള്ളിയ ഈ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീംകോടതി പാലം പൊളിക്കാമെന്ന് ഉത്തരവിട്ടത്. പുനർനിർമ്മാണത്തിന് ഡി.എം.ആർ.സി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ തിരഞ്ഞെടുത്തിരുന്നു. ഹൈക്കോടതി സ്‌റ്റേ കാരണം കരാർ ഒപ്പിടാനായില്ല. ഡി.എം.ആർ.സി പദ്ധതി ഏറ്റെടുത്താൽ പൊളിക്കലും നിർമ്മാണവും ഊരാളുങ്കലിനാവും.

''പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതിയെ പറ്റിയുള്ള വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. പ്രതികളാരും രക്ഷപ്പെടില്ല.''

--മുഖ്യമന്ത്രി

പൊളിക്കുന്നത് 450 മീറ്ററോളം

ബലക്ഷയമുള്ള ഭാഗങ്ങൾ പൊളിച്ച് നിർമ്മിക്കാനാണ് ഇ. ശ്രീധരനും ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധരും നിർദ്ദേശിക്കുന്നത്. പൊളിക്കാൻ സ്ഫോടനം, ഹൈഡ്രോളിക് ബ്രേ‌ക്ക് ഡിസ്‌മാന്റ്‌ലിംഗ്,​ കെമിക്കൽ ബസ്റ്റിംഗ് തുടങ്ങിയ മാർഗങ്ങളുണ്ട്. യന്ത്രസഹായത്തോടെ പൊളിക്കാനാണ് ഇ. ശ്രീധരന്റെ നിർദ്ദേശം. 750 മീറ്റർ പാലത്തിന്റെ 442 മീറ്ററിലാണ് പ്രശ്നങ്ങൾ. 19 സ്പാനുകളിൽ 17 എണ്ണവും പുനഃസ്ഥാപിക്കണം. 18 പിയർക്യാപുകളിൽ 16ലും 102 ആർ.സി.സി ഗർഡറുകളിൽ 97ലും വിള്ളലുകളുണ്ട്.
തൂണുകൾ നിലനിറുത്തി മേൽഭാഗം പൂർണമായി പൊളിക്കാം. തൂണുകളെ ബന്ധിപ്പിക്കുന്ന ഗർഡറുകളും മുറിച്ചെടുക്കും. ആർ.സി.സി ഗർഡറുകൾ മാറ്റി പി.എസ്.സി ഗർഡർ ആക്കണമെന്നും നിർദ്ദേശമുണ്ട്. ആർ.സി.സി ഗർഡർ (റീ ഇൻഫോഴ്സ്ഡ് സിമന്റ് കോൺക്രീറ്റ് ഗർഡർ) നിർമാണസ്ഥലത്ത് കോൺക്രീറ്റ് ചെയ്യുന്നതാണ്. പി.എസ്.സി ഗർഡർ (പ്രീ സ്ട്രസ്ഡ് കോൺക്രീറ്റ് ഗർഡർ) യാർഡിൽ കോൺക്രീറ്റ് ചെയ്തു കൊണ്ടുവരുന്നതാണ്. മെട്രോയിൽ പി.എസ്.സി ഗർഡറുകളാണ്. ഇതിൽ ഉരുക്ക് കേബിളുകളാണ്. ഉറപ്പുകൂടും. ചെലവും കൂടും.

പൊളിച്ചുപണി ചെലവ്

തൂണുകൾക്ക് 2 കോടി

തൂണും പിയർ ക്യാപ്പും ജാക്കറ്റ് ചെയ്യാനും -1.71 കോടി

102 പി.എസ്.സി. ഗർഡറുകൾക്ക് -15 കോടി

ആകെ -18.71 കോടി

.