വെഞ്ഞാറമൂട്: നെല്ലനാട് കോൺഗ്രസ് ഭവനും പ്രിയദർശിനി സഹകരണ സംഘവും അടിച്ചു തകർത്ത് തീയിട്ട് നശിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വെഞ്ഞാറമൂട് കാവറ എ.ജെ ഭവനിൽ അരവിന്ദ് (27), പാലത്തറ വിശാഖ് ഭവനിൽ വിശാഖ് (27) എന്നിവരാണ് വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ വി.കെ. വിജയരാഘവന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇവർ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ 31നായിരുന്നു സംഭവം. തേമ്പാംമൂട്ടിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ വിലാപ യാത്രയ്ക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിനിടെയാണ് പാർട്ടി ഓഫീസ് ആക്രമിക്കപ്പെട്ടത്. തുടർന്ന് സി.സി. ടിവി ദൃശ്യങ്ങളടക്കം കോൺഗ്രസ് മണ്ഡലം കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേക്ഷണത്തിലാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു.