chanthamukku-jun

വക്കം: കുത്തിയൊഴുകുന്ന പുഴകൾ പോലെയാണ് വക്കം ഗ്രാമപഞ്ചായത്തിലെ റോഡുകൾ. മൂന്ന് കിലോമീറ്ററുള്ള നിലയ്‌ക്കാമുക്ക് - കായിക്കരക്കടവ് റോഡിൽ ഒരു ഡസനിലധികം സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുള്ളത്. ഇടറോഡുകൾ ധാരാളമുള്ള വക്കത്തെ 14 വാർഡുകളിലുള്ള മുപ്പതിലധികം ഇട റോഡുകളിലും വെള്ളക്കെട്ടുണ്ട്. അശാസ്ത്രീയമായ നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണം.

നിലയ്‌ക്കാമുക്ക് - വക്കം റോഡിൽ ആങ്ങാവിള വരെ ഇരുവശങ്ങളിലും ഓടയുണ്ടങ്കിലും മണ്ണും പാഴ് വസ്തുക്കളും നിറഞ്ഞ് അടഞ്ഞു. ഇതുകാരണം മഴ വെള്ളം റോഡിലൂടെ ഒഴുകുകയാണ്. വക്കം- ചന്തമുക്ക് ജംഗ്ഷനിലെ വെള്ളക്കെട്ടും യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. വെള്ളക്കെട്ടൊഴിവാക്കാൻ പലയിടങ്ങളിലും സ്ഥാപിച്ച ഇന്റർലോക്ക് സംവിധാനത്തിൽ നിർമ്മാണ പിഴവുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. വെള്ളക്കെട്ട് പരിഹരിക്കാനും കഴിഞ്ഞില്ല.

പുളിവിളാകം-മുക്കാലവട്ടം, പുന്നക്കുട്ടം - വിളയിൽ തുടങ്ങിയ റോഡുകളിലെ ഇന്റർലോക്കും തകർന്നു. വക്കം മാർക്കറ്റ് ജംഗ്ഷനിൽ ഇന്റർലോക്ക് പാകിയ സ്ഥലം പതിവായി വെള്ളക്കെട്ടായതോടെ നാട്ടുകാർ ബുദ്ധിമുട്ടുകയാണ്. ഇവിടെ റോഡിനിരുവശങ്ങളിലും ഓട നിർമ്മിക്കണമെന്ന ആവശ്യവും അധികൃതർ അവഗണിച്ചു. റൂറൽ ഹെൽത്ത് സെന്ററിന് മുന്നിലെ ഇന്റർലോക്കും തകർന്നു.

വക്കത്തെ കോടംപള്ളി റോഡ്, ഹൈസ്ക്കൂൾ റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് നവീകരിച്ച പുന്നകുട്ടം റോഡും തകർച്ചയിലാണ്. ഗുണമേന്മയില്ലാത്ത സാധനങ്ങൾ കൊണ്ട് നിർമ്മിക്കുന്ന ഇന്റർലോക്കുകൾ പെട്ടെന്ന് നശിക്കും. ഗുണമേന്മ ഉറപ്പാക്കേണ്ട മരാമത്ത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്നും ആക്ഷേപമുണ്ട്.

വിടവിൽ മണലോ പാറപ്പൊടിയോ നിറയ്ക്കാതിരുന്നതും മുകളിൽ റോളർ ഉരുട്ടാതിരുന്നതും ഇന്റർലോക്കുകളുടെ ആയുസ് കുറച്ചെന്ന് വിദഗ്ദ്ധർ പറയുന്നു.