വാക്കിലും നോക്കിലും ശബ്ദത്തിലും വരെ അഭിനയത്തിന്റെ കരുത്ത് ഒളിപ്പിച്ചുവച്ച മലയാളസിനിമയുടെ തിലകക്കുറിയായ സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ മലയാളസിനിമയെ തനിച്ചാക്കി മടങ്ങിയിട്ട് 8 വർഷമാകുന്നു. തിലകൻ തന്റേതുമാത്രമായി കഥാപാത്രങ്ങളിലൂടെ പടുത്തുയർത്തിയ ആ സിംഹാസനം എത്രകാലം കാലം കഴിഞ്ഞാലും ഒഴിഞ്ഞുതന്നെ കിടക്കും. ഇന്നും പല സിനിമകളും കാണുമ്പോൾ 'ആ കഥാപാത്രം തിലകൻ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ' എന്ന് പ്രേക്ഷകർക്ക് തോന്നിയാൽ അത് അദ്ദേഹത്തിന് ലഭിക്കുന്ന അംഗീകാരം തന്നെയാണ്. ഹൃദയാഘാതത്തെ തുടർന്ന് 2012 സെപ്തംബർ 24 നായിരുന്നു തിലകൻ മരിക്കുന്നത്. അഭിനയത്തിലെന്ന പോലെ ജീവിതത്തിലും കരുത്തനായ ഈ നടൻ പലപ്പോഴും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടപ്പോഴും കുലുങ്ങാതെ അടിയുറച്ചു നിന്നത് താൻ ചെയ്ത കഥാപാത്രങ്ങളോട് പരമാവധി നീതിപുലർത്താൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസം കൊണ്ടുകൂടിയാണെന്ന് പറഞ്ഞാൽ തള്ളിക്കളയാനാവില്ല.
പി.എസ് കേശവൻ - ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ച തിലകൻ നാടകരംഗത്തിലൂടെയാണ് കാമറയുടെ മുന്നിലേക്ക് എത്തുന്നത്. മുണ്ടക്കയം സി.എം.എസ് സ്‌കൂൾ, കോട്ടയം എം.ഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.
സിനിമയിലേക്ക്
സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ച അദ്ദേഹം 18ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിക്കുകയും 43 നാടകങ്ങൾ സംവിധാനവും ചെയ്തു. 1956ൽ പഠനം ഉപേക്ഷിച്ച് പൂർണമായും നാടകനടനായി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതിയും നടത്തിയിരുന്നു. പി.ജെ.ആന്റണിയുടെ 'ഞങ്ങളുടെ മണ്ണാണ്' എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധാനത്തിലേക്ക് കടക്കുന്നത്. 1966 വരെ കെ.പി.എ.സി യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു. 1973ലാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നതെങ്കിലും 1979ൽ ഉൾക്കടൽ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1981ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാവേഷങ്ങളിലേക്കു കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ എടുത്തുപറയേണ്ട ചിത്രങ്ങളാണ്. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുള്ള തിലകൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം 'സീൻ ഒന്ന് നമ്മുടെ വീട്' ആണ്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 77-ാം വയസിൽ വിടപറയും വരെ അഭിനയത്തിനും സിനിമയ്ക്കുമായി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം ഇല്ലാത്ത മലയാള സിനിമ 8 വർഷം പിന്നിടുകയാണ്. നാടകവേദികളിലും വെള്ളിത്തിരയിലും അദ്ദേഹം അഭിനയിച്ച് അനശ്വരമാക്കിയ കഥാപാത്രങ്ങളും തിലകനെന്ന അതുല്യപ്രതിഭയും പറിച്ചെറിയാനാകാത്തവിധം വേരുറപ്പിച്ചുകഴിഞ്ഞു.
പുരസ്കാര നിറവിൽ
1990ൽ പെരുന്തച്ചൻ എന്ന ചിത്രത്തിലൂടെയും 1994ൽ ഗമനം, സന്താനഗോപാലം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള സംസ്ഥാനസർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം തിലകനെ തേടിയെത്തി. കൂടാതെ നിരവധി തവണ സഹനടനുള്ള അവാർഡും തിലകന് ലഭിച്ചു. 2006ൽ ദേശീയചലച്ചിത്രപുരസ്കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്കാരം ലഭിച്ചു. 1988ൽ ഋതുഭേതം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം തിലകനു ലഭിച്ചു. 2009ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
അച്ഛനെ അനുസ്മരിച്ച് ഡബിംഗ് ആർട്ടിസ്റ്റും നടനുമായ മകൻ ഷോബി തിലകൻ
അച്ഛൻ ആശുപത്രിയിൽ കഴിഞ്ഞിരുന്ന 33 ദിവസങ്ങളാണ് ആദ്യം ഓർമ്മയിൽ വരുന്നത്. എസ്.യു.ടി ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുമ്പോഴായിരുന്നു അത്. കഴിഞ്ഞ ആഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സുഹൃത്തായ സീരിയൽ താരം ശബരിനാഥിന്റെ ശരീരം കണ്ടപ്പോൾ വീണ്ടും ആ ഓർമ്മകളിലേക്ക് ഞാൻ പോയി. റാന്നിയിലെ പ്ളാങ്കമൺ എന്ന സ്ഥലത്താണ് കുട്ടിക്കാലത്ത് താമസിച്ചിരുന്നത്. അച്ഛനൊപ്പമുള്ള 3-ാം ക്ളാസ് വരെയുള്ള ഓർമ്മകളേ കൂട്ടിനുള്ളൂ. അന്ന് അച്ഛൻ നാടകത്തിന് പോയിട്ട് വരുന്നതൊക്കെ ഓർമ്മകളിലുണ്ട്. പിന്നീട് അച്ഛനെ കാണുന്നത് അപകടത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ കഴിയുമ്പോഴാണ്. മരിച്ചുപോകുമെന്ന അവസ്ഥയിലായിരുന്നു അന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. അമ്മാവനൊപ്പം എറണാകുളത്ത് നിന്നാണ് എത്തിയത്. പിന്നീട് 8-ാം ക്ളാസിൽ പഠിക്കുമ്പോൾ അച്ഛൻ ഉദയംപേരൂരിലെ സ്കൂളിൽ വന്ന് എന്നെ കണ്ടു, അന്ന് ഉടുപ്പ് വാങ്ങാൻ പൈസയും തന്നു. പിന്നീട് വീണ്ടുമൊരു അപകടത്തിലൂടെ എറണാകുളം സിറ്റി ഹോസ്പിറ്റലിൽ കഴിയുമ്പോൾ മിക്കവാറും ദിവസങ്ങളിൽ ഞാൻ അച്ഛനെ പോയി കണ്ടിരുന്നു. പത്താം ക്ളാസ് കഴിഞ്ഞ് വെറുതേ നിൽക്കുകയണെന്ന് അറിഞ്ഞ് തിരുവനന്തപുരം പ്ളാമൂടുള്ള സ്കൂൾ ഒഫ് എൻജിനിയറിംഗിൽ അഡ്മിഷൻ വാങ്ങിത്തന്നു. അന്ന് കാറിൽ പോകാൻ കഴിയാത്ത സാഹചര്യമായതിനാൽ എറണാകുളത്ത് നിന്നും അച്ഛനൊപ്പം വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. എന്റെ ആദ്യത്തെ വിമാനയാത്രയായിരുന്നു അത്.
ജീവിതത്തിൽ വിഷമതകൾ അറിഞ്ഞ് ജീവിക്കണമെന്ന് അച്ഛന് നിർബന്ധമാണ്. കാശിന്റെ വിലയറിഞ്ഞ് ജീവിക്കണം..ഇന്നത്തെ തലമുറയ്ക്ക് അറിയത്ത കാര്യമാണ് അത്...ചോദിക്കുന്നതെന്തും രക്ഷകർത്താക്കൾ കുട്ടികൾക്ക് വാങ്ങി നൽകുന്നുണ്ട്.. ഞാൻ അദ്ധ്വാനിച്ച് സ്വന്തമായി പണമുണ്ടാക്കാൻ തുടങ്ങിയശേഷം അച്ഛൻ വഴക്ക് പറയാറില്ല. കരുത്തനായ അച്ഛനായാണ് എന്നും അദ്ദേഹത്തെ കണ്ടിരുന്നത്. ആ അച്ഛനെയാണ് എനിക്ക് നഷ്ടപ്പെട്ടുപോയത്. മാനസികമായും സാമ്പത്തികമായും എന്ത് പ്രശ്നമുണ്ടെങ്കിലും അച്ഛന്റെ വാക്കുകൾ നൽകുന്ന ബലം അത്ര വലുതായിരുന്നു. ജനങ്ങളുടെ മനസിൽ തിലകനെന്ന നടൻ നല്ല രീതിയിൽ വേരോടിയിട്ടുണ്ട്. മരണശേഷവും പല വിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെട്ടെങ്കിലും അച്ഛനെ പിന്തുണച്ചത് ജനങ്ങളാണ്. സിനിമാ മേഖല അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് നൽകിയില്ല. രാജ്യം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹത്തിന്റെ പേര് നിലനിർത്തുന്നതിന് സർക്കാരും എന്തെങ്കിലും ചെയ്തതായി അറിയില്ല. തിയേറ്ററിനോ സ്ഥാപനങ്ങൾക്കോ ഒന്നും അദ്ദേഹത്തിന്റെ പേര് നൽകി കണ്ടില്ല...അതിന് കുടുംബത്തിൽ നിന്ന് അപേക്ഷ എന്തങ്കിലും കൊടുക്കണോ എന്നും അറിയില്ല...ഓർമ്മ ദിവസം അദ്ദേഹത്തിന്റെ ചിത്രത്തിനരികിൽ ഒത്തിരി നേരം ചെലവഴിക്കാറുണ്ട്...ഓർമ്മകൾ മാത്രമാണ് ബാക്കി...കരുത്തനായ അച്ഛൻ കൂടെയില്ല, അതാണ് വേദന...
ഷോബിക്കിഷ്ടപ്പെട്ട അച്ഛന്റെ സിനിമകൾ
ഓഗസ്റ്റ് ക്ളബ് (2013)
അനന്ത പത്മനാഭന്റെ തിരക്കഥയിൽ റിമ കല്ലിംഗലിനെ നായികയാക്കി കെ.ബി വേണു സംവിധാനം ചെയ്ത ചിത്രത്തിൽ കെ.പി.ടി മേനോൻ എന്ന കഥാപാത്രത്തെയാണ് തിലകൻ അവതരിപ്പിച്ചത്.
ഉസ്താദ് ഹോട്ടൽ (2012)
അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിൽ കരീം എന്ന കഥാപാത്രമായാണ് തിലകൻ എത്തിയത്. ദുൽഖർ സൽമാൻ നായകനായ ചിത്രത്തിൽ, നിത്യാ മേനോൻ, ലെന, സിദ്ദിഖ് തുടങ്ങിയവരും അഭിനയിച്ചു.
ഇന്ത്യൻ റുപ്പി (2011)
പൃഥ്വിരാജ് നായകനായി രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ അച്യുതമേനോൻ എന്ന കഥാപാത്രത്തെ തിലകൻ അനശ്വരമാക്കി.
കണ്ണെഴുതി പൊട്ടും തൊട്ട് (1999)
നടേശൻ എന്ന ഭൂപ്രഭുവായി തിലകൻ വേഷമിട്ട ചിത്രം ടി.കെ രാജീവ് കുമാറാണ് സംവിധാനം ചെയ്തത്. തന്റെ അച്ഛനെയും അമ്മയെയും ചതിച്ചു കൊന്നതിന് പ്രതികാരം ചോദിക്കാനെത്തിയ ഭദ്ര എന്ന പെണ്ണിന്റെ കഥ പറഞ്ഞ ചിത്രത്തിൽ മഞ്ജു വാര്യരും തിലകനും മത്സരിച്ചഭിനയിക്കുകയായിരുന്നു.
സ്ഫടികം (1995)
ഈ ചിത്രം കണ്ടവർക്ക് തിലകൻ അഭിനയിച്ച ചാക്കോ മാഷിനെ മറക്കാൻ കഴിയില്ല. ഭദ്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ആടുതോമ എന്ന നായക കഥാപാത്രമായി എത്തിയത് മോഹൻലാൽ ആയിരുന്നു. 2007ൽ സി. സുന്ദർ ഈ ചിത്രം വീരാപ്പു എന്ന പേരിൽ തമിഴിൽ പുനർനിർമ്മിക്കുകയുണ്ടായി.
ഗമനം (1994)
തിലകൻ, ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീപ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ഗമനം. ബൈജു, വിജയകുമാർ, കെ ബി ഗണേഷ് കുമാർ, മാതു, എം.എസ് തൃപ്പൂണിത്തറ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സുരേന്ദ്രൻ എന്ന പൊലീസ് ഓഫീസറായി തിലകൻ തിളങ്ങിയ ചിത്രത്തിന് രാമചന്ദ്രബാബു ഛായാഗ്രഹണവും ഔസേപ്പച്ചൻ സംഗീതവും നൽകിയിരിക്കുന്നു.
സന്താനഗോപാലം (1994)
രഘുനാഥ് പാലേരിയുടെ രചനയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം തിലകന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു. ജഗദീഷ്, ചിപ്പി, ജഗതി ശ്രീകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
പെരുന്തച്ഛൻ (1990)
തിലകൻ എന്ന നടന്റെ ഗ്രാഫ് ഉയത്തിയ ഈ ചിത്രം എം.ടി വാസുദേവൻ നായരുടെ രചനയിൽ അജയനാണ് സംവിധാനം ചെയ്തത്. പെരുന്തച്ചനും മകനും തമ്മിലുള്ള അന്തസംഘഷങ്ങളെ വരച്ചുകാട്ടിയ ചിത്രത്തിൽ പെരുന്തച്ചൻ എന്ന കഥാപാത്രത്തിലൂടെ മലയാളസിനിമയുടെ തന്നെ പെരുന്തച്ചനായി തിലകൻ മാറി.
കിരീടം (1989)
പൊലീസ് കോൺസ്റ്റബിളായ അച്യുതൻ നായരുടെയും മകൻ സേതുമാധവന്റെയും കഥ പറഞ്ഞ ചിത്രം ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്തു. അച്യുതൻ നായരായി തിലകൻ സിനിമയിൽ ജീവിക്കുകയായിരുന്നു. തിലകനും സേതുമാധവന്റെ വേഷത്തിലെത്തിയ മോഹൻലാലും ഒരുമിച്ചുള്ള ഹൃദയസ്പർശിയായ രംഗങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു.
കാട്ടുകുതിര (1990)
എസ്.എൽ പുരം സദാനന്ദൻ രചിച്ച് പി.ജി.വിശ്വഭരൻ സംവിധാനം ചെയ്ത ചിത്രം അറയ്ക്കൽ മൂവീസാണ് നിർമിച്ചത്. തിലകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഇന്നസെന്റ്, വിനീത്, കെ.പി.എസ്.സി ലളിത, കവിയൂർ പൊന്നമ്മ എന്നിവരും അഭിനയിച്ചു. പ്ചലച്ചിത്രനടൻ രാജൻ പി. ദേവ് സംവിധാനം ചെയ്ത് അഭിനയിച്ച കാട്ടുകുതിര എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഇത്.