health

ശരീരവണ്ണം കുറയ്ക്കാൻ എല്ലാവർക്കും ആഗ്രഹമാണ്. എന്നാൽ കടുത്ത ആഹാരനിയന്ത്രണവും കനത്ത വ്യായാമമുറകളുമായി ഇറങ്ങിത്തിരിച്ച് ഒടുവിൽ പാതിവഴിയിൽ ശ്രമം ഉപേക്ഷിച്ച് നിരാശരായിട്ടുള്ളവരാണ് അധികവും. എന്നാൽ ഇതൊന്നുമില്ലാതെ ലളിതമായ ചില നമ്പരിലൂടെ കാര്യം സാധിച്ചാലോ. മനസുണ്ടെങ്കിൽ മാർഗവുമുണ്ട് എന്നല്ലേ പഴമക്കാർ പറയുന്നത്. ആഹാരത്തിലും വ്യായാമത്തിലും ചില മാറ്റങ്ങളുണ്ടാക്കി അധികം ആയാസമില്ലാതെ പരിഹരിക്കാവുന്നതാണ് ഈ പ്രശ്നം. എന്തായാലും നമുക്കൊന്ന് ശ്രമിച്ചാലോ?​

1.നടത്തം നല്ലത്

വണ്ണം കുറയ്ക്കലിന്റെ പ്രധാന ഘടകം വ്യായാമമാണ്. അതായത് ഇക്കാര്യത്തിൽ വ്യായാമം ഒഴിവാക്കാനാകില്ലെന്ന് സാരം. വ്യായാമം രണ്ടുതരത്തിലുണ്ട് ;

അനെയ്‌റോബിക്, എയ്‌റോബിക്. ഓക്സിജൻ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങളാണ് അനെയ്‌റോബിക് . വെയിറ്റ് ലിഫ്റ്റിംഗിനെ ഈ ഗണത്തിൽപ്പെടുത്താം. എന്നാൽ ഇത് കനത്ത വ്യായാമമായതിനാൽ എല്ലാവർക്കും ചെയ്യാനാകില്ല. എയ്‌റോബിക് വ്യായാമങ്ങൾ ഓക്സിജൻ ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ്. വേഗത്തിലുള്ള നടപ്പ്, നീന്തൽ എന്നിവ ഉദാഹരണം. ഇവ

ഇവ കഠിനമല്ല. സൗഹൃദപരവുമാണ്. അനെയ്‌റോബിക് വ്യായാമങ്ങൾ കാലറി കഠിനമായതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശീലിക്കുന്നതാണ് നല്ലത്. ദിവസവും കൃത്യമായി അരമണിക്കൂറെങ്കിലും നടക്കുന്നത് നല്ലതാണ്.

2.ഉറക്കം പ്രധാനം

നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ അതു നമ്മുടെ വിശപ്പിനെയും അതിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ താറുമാറാക്കും. അതിന്റെ ഫലമായി ഭക്ഷണം കൂടുതൽ കഴിക്കും. അവശ്യത്തിന് ഉറക്കം കിട്ടാത്ത ദിവസം ഒരാൾ 500 അധിക കാലറി കഴിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അധിക കലോറിയെ ദഹിപ്പിച്ചുകളയാനുമാകില്ല. ഉപാചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് ഉറക്കം അത്യന്താപേക്ഷിതമാണ്.

3.ധാരാളം വെള്ളം

നിർജലീകരണം ഒഴിവാക്കുന്നതിനായി ആവശ്യത്തിനു വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. കാലറി ദഹിപ്പിക്കുന്ന പ്രക്രിയ സുഗമമായി, ഫലപ്രദമായി നടക്കുന്നതിന് വെള്ളം അത്യാവശ്യമാണ്. കൊഴുപ്പ് ദഹിച്ചുപോകുന്ന പ്രക്രിയയെ നിർജലീകരണം സാവധാനത്തിലാക്കും. വെള്ളം കുടിക്കുന്നതുകൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. ആഹാരം കഴിക്കുന്നതിനൊപ്പം വെള്ളം കുടിച്ചാൽ, വയറുനിറഞ്ഞ തോന്നൽ പെട്ടെന്നുണ്ടാകും. അങ്ങനെ കഴിക്കുന്നതിന്റെ അളവു കുറയുകയും ചെയ്യും.

4. ഉപ്പ് ആവശ്യത്തിന്

കൂടുതൽ അളവിൽ ഉപ്പ് ആഹാരത്തിലൂടെ ഉള്ളിലെത്തുമ്പോൾ അതു നമ്മുടെ ശരീരത്തിൽ കൂടുതൽ അളവിൽ ജലം പിടിച്ചുനിറുത്തപ്പെടുന്നതിനു കാരണമാകുന്നു. അതുകൊണ്ടുതന്നെ ശരീരം തടിച്ചതായി തോന്നുകയും ശരീരഭാരത്തിൽ വർദ്ധന ഉണ്ടാകുകയും ചെയ്യുന്നു. നാം ഉപ്പിനെ പുറന്തള്ളുന്ന പക്ഷം മേൽപ്പറഞ്ഞ ജലത്തിന്റെ ഭാരം നഷ്ടപ്പെടുത്താനാകും. അതിനാൽ നിർദ്ദേശിക്കപ്പെട്ട അളവിൽ മാത്രം ഉപ്പ് ആഹാരത്തിലുൾപ്പെടുത്തിയാൽ ഈ അധിക ജലാംശത്തിന്റെ പ്രശ്നം ഒഴിവാക്കാം. പ്രായപൂർത്തിയായ ഒരാൾക്ക് ദിവസം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സോഡിയത്തിന്റെ അളവ് 2,300 മി. ഗ്രാം ആണ്.

5.ആഹാരം ആരോഗ്യം

പ്രകൃതിദത്തമായ ഭക്ഷണം ശീലമാക്കാൻ ശ്രമിക്കണം. വറുത്തതും പൊരിച്ചതും കൊഴുപ്പുനിറഞ്ഞതും കൃത്രിമ പദാർത്ഥങ്ങൾ ചേർത്ത് സംസ്കരിച്ചതുമായ ഭക്ഷണം ഒഴിവാക്കി പഴങ്ങൾ, പച്ചക്കറികൾ, നാരുകളടങ്ങിയ ഭക്ഷണം ഇവ ശീലിക്കുന്നത് നല്ലതാണ്. സോഫ്ട് ഡ്രിങ്കുകൾ ഉപേക്ഷിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുക. അനാവശ്യമായി മരുന്നുകൾ കഴിക്കരുത്. ദിവസേന വ്യായാമത്തിന് അല്പസമയം മാറ്റിവയ്ക്കാം. നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ആകാം,​ അമിത ആഹാരം അരുത്.

6. മനസ് പ്രധാനം

മനസാണ് എല്ലാ ആഗ്രഹങ്ങൾക്കും പ്രചോദനം. വണ്ണം കുറയ്ക്കണമെന്ന് ആദ്യം മനസിൽ തീരുമാനമെടുക്കണം. മനസിന്റെ ആഗ്രഹത്തോടൊപ്പം ശരീരവും ഇണങ്ങിവരും.ആഹാരം കഴിക്കുമ്പോൾ ആമാശയത്തിൽ നിന്നും കുടലുകളിൽ നിന്നുമുള്ള സിഗ്നലുകളെ തലച്ചോറ് സ്വീകരിക്കുകയും നമുക്ക് എപ്പോൾ മതി എന്ന കാര്യം അവ തലച്ചോറി​നെ അറി​യി​ക്കുകയും ചെയ്യുന്നു. എന്നാൽ വളരെ വേഗത്തി​ൽ ഭക്ഷണം കഴി​ക്കുന്ന ഒരാളുടെ കാര്യത്തി​ൽ ഈ സ്വാഭാവി​ക സി​ഗ്നലുകളുടെ പ്രവർത്തനം സുഗമമാകി​ല്ല. ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുക. പതി​യെ പതി​യെ അതൊരു ശീലമാകും.

പെട്ടെന്നു തന്നെ വയർ നി​റയുന്നതായും അനുഭവപ്പെടും. സാവധാനത്തി​ലാണു കഴി​ക്കുന്നതെങ്കി​ൽ, വയർ നി​റഞ്ഞു എന്ന തോന്നൽ തലച്ചോറി​ൽ നി​ന്നുണ്ടാകുന്നത് ഏകദേശം 15 മിനിട്ടുകൾക്കു ശേഷമാണ്. അതിനുശേഷം ഏതാനും മിനിട്ടുകൾ കഴിയുമ്പോൾ തലച്ചോർ തന്നെ സ്റ്റോപ്പ് എന്നു നമ്മോടു പറയും. അപ്പോൾ നമ്മുടെ പാത്രത്തിൽ ധാരാളം കാലറി അവശേഷിക്കുന്നുമുണ്ട്. മതിയായി നിറുത്തുന്നതു കൊണ്ട് നാം തുടർന്നു കഴിക്കുന്നില്ല.