കല്ലമ്പലം: രോഗികളായ വൃദ്ധ ദമ്പതികൾ സുമനസുകളുടെ സഹായം തേടുന്നു. നാവായിക്കുളം കുടവൂർ സാമിയാർകുന്നിൽ ബദറുദ്ദീനും (67) ഭാര്യ നദീറാബീവിയുമാണ് (62) ചികിത്സാ സഹായം തേടുന്നത്. ബദറുദ്ദീന് കാൻസറും ഭാര്യക്ക് ഹൃദയ സംബന്ധമായ രോഗവുമാണ്. കർഷക തൊഴിലാളി ക്ഷേമനിധിയിൽ നിന്നും പെൻഷനായി കിട്ടുന്ന 1300 രൂപയാണ് കുടുംബത്തിന്റെ ഏക വരുമാനം. കയറികിടക്കാൻ സ്വന്തമായി ഒരു കൂര പോലുമില്ലാത്ത ബദറുദ്ദീൻ വാടക വീടുകളിൽ മാറിമാറി താമസിക്കുകയാണ്. വാടകയ്ക്കും, ചികിത്സാ ചിലവിനും, അന്നത്തിനും നാട്ടുകാരുടെ സഹായമല്ലാതെ മറ്റ് മാർഗ്ഗമൊന്നുമില്ല. ഇപ്പോൾ ഏതാണ്ട് അതും നിലച്ചമട്ടാണ്. വിവാഹം കഴിച്ച് വാടകവീടുകളിൽ താമസിക്കുന്ന മക്കൾക്കും സ്വന്തമായി വീടില്ല. അവരും കഴിയുന്നത് വാടക വീടുകളിലാണ്. വൃദ്ധരായ മാതാപിതാക്കളെ നോക്കാനുള്ള സാമ്പത്തിക ശേഷി അവർക്കുമില്ല. കടം വാങ്ങിയും മറ്റും ഇത്രയും നാൾ ചികിത്സ മുന്നോട്ടുപോയെങ്കിലും ഇനിയെന്തുചെയ്യണമെന്ന് ഇവർക്കറിയില്ല. വാർദ്ധക്യ പെൻഷനുവേണ്ടി അപേക്ഷയുമായി അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങിയപ്പോൾ ആവശ്യപ്പെട്ടത് സ്വന്തം വീടിന്റെ നമ്പറാണ്. എന്നാൽ സ്വന്തം വീടെന്ന സ്വപ്നം ഈ കുടുംബത്തിന് ഇനിയും അകലെയാണ്. പ്രതീക്ഷ ഇനിയും കൈവിടാത്ത ഇവർ സുമനസ്സുകളുടെ സഹായം തേടുന്നു. ബദറുദ്ദീന്റെ പേരിൽ കല്ലമ്പലം എസ്.ബി.ഐ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എ.എസ് ബദറുദ്ദീൻ, അക്കൗണ്ട് നമ്പർ: 20184014399. ഐ.എഫ്.എസ്.സി കോഡ്: SBIN0070221, ഫോൺ: 9497006027.