മുടപുരം: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ കർഷകർ ദുരിതത്തിൽ. നെൽക്കർഷകരെയാണ് മഴ കൂടുതൽ ചതിച്ചത്. കിഴുവിലം ഗ്രാമ പഞ്ചായത്തിലെ മാമം പാടശേഖരത്ത് 15 ഏക്കർ കൃഷി വെള്ളത്തിനടിയിലായി. മഴ തുടർന്നാൽ കർഷകർക്ക് 12 ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർ വനജകുമാരിയും പാടശേഖര സമിതി സെക്രട്ടറി ഹരിദാസും പറഞ്ഞു. മാമം, കമുകറ, അണ്ടൂർ, പോളയിൽ, പാട്ടത്തിൽ എന്നിവിടങ്ങളിൽ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 45 ഏക്കറിലാണ് നിലവിൽ കൃഷിയിറക്കിയിരിക്കുന്നത്. ഇത് കൊയ്തെടുക്കാൻ ഇനി രണ്ടാഴ്ച മാത്രം മതിയാകും. എന്നാൽ നെൽക്കതിരുകളെല്ലാം വെള്ളത്തിനടിയിലാണ്. ഇതോടെ നല്ല വിളവ് പ്രതീക്ഷിച്ചിരുന്ന തങ്ങളെ മഴ ചതിച്ചോ എന്ന ആശങ്കയിലാണ് കർഷകർ.
മുടപുരത്തും പ്രതിസന്ധി
തുടർച്ചയായ മഴ മുടപുരം, ചേമ്പുംമൂല പാടശേഖരത്തെ നെൽ കർഷകരെയും ആശങ്കയിലാഴ്ത്തി. വയലിൽ വെള്ളം കെട്ടി നിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. കതിർ വന്ന് പാലുറച്ചതും കൊയ്‌ത്തിന് രണ്ടാഴ്ച ബാക്കിയുള്ളതുമായ കൃഷിയാണ് വെള്ളത്തിലായത്. മഴ തുടർന്നാൽ വയലിൽ കതിരുകൾ കൊയ്തെടുക്കുന്നതിനുപോലും സാധിക്കാത്ത അവസ്ഥയാകുമെന്ന് മുടപുരം പാടശേഖര സമിതി സെക്രട്ടറി ഡി. ബാബുരാജും ചേമ്പുംമൂല പാടശേഖര സമിതി സെക്രട്ടറി ദിലീപ്കുമാറും പറഞ്ഞു.