കല്ലമ്പലം: നാവായിക്കുളം വില്ലേജ് ഒാഫീസിൽ നിന്ന് ലഭിക്കേണ്ട അത്യാവശ്യ രേഖകൾ യഥാസമയം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. ഇതുമൂലം ദുരിതമനുഭവിക്കുന്ന നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. നാവായിക്കുളം വില്ലേജിന്റെ ഒരുഭാഗം കുടവൂർ വില്ലേജ് ഓഫീസിലേക്ക് മാറ്റിയെങ്കിലും നാവായിക്കുളം വില്ലേജ് ഓഫീസിൽ ഭൂഉടമകളുടെ എണ്ണത്തിൽ കാര്യമായ കുറവൊന്നുമില്ല. രണ്ടു വർഷം മുൻപ് വില്ലേജിലെ ഭൂരേഖകൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തി ഭൂമി സംബന്ധമായ ഇടപാടുകൾ നടന്നുവരികയാണ്. എന്നാൽ കംപ്യൂട്ടറിൽ ഭൂരേഖകൾ ഉൾക്കൊള്ളിച്ചപ്പോൾ നിലവിലുള്ള പട്ടയ വസ്തു ഉടമകളുടെ രേഖകളിൽ നിരവധി പിശകുകൾ ഉണ്ടായെന്നാണ് ആക്ഷേപം. യഥാർത്ഥ പട്ടയക്കാരന്റെ പേരിലും, മേൽവിലാസത്തിലും തെറ്റുപറ്റിയതായും ഇതുമൂലം പലർക്കും കരം അടയ്ക്കുന്നതിനോ ആവശ്യമായ സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിനോ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഭൂഉടമകൾ പറയുന്നു. ഈ പിശകുകൾ പരിശോധിക്കുന്നതിന് ആധാരമായ തണ്ടപ്പേർ രജിസ്റ്റർ വില്ലേജ് ഓഫീസിൽ നിന്നു പോക്കുവരവ് കേസ് സംബന്ധമായി ഹൈക്കോടതിയിലേക്ക് കൊണ്ടുപോയിട്ട് ഒന്നര വർഷത്തിൽ കൂടുതലായെന്നും ഇതുവരെ തിരികെ കിട്ടിയിട്ടില്ലെന്നുമാണ് വില്ലേജ് അധികൃതർ വെളിപ്പെടുത്തിയത്. വസ്തു ഉടമകൾക്ക് കരം അടയ്ക്കുന്നതിന് കഴിയുന്നില്ല. ഇതുമൂലം ബാങ്കുകളിൽ നിന്നും സ്വർണത്തിൻമേൽ കാർഷിക വായ്പകളോ മറ്റ് ലോണുകളോ ലഭിക്കുന്നില്ല. തണ്ടപ്പേർ രജിസ്റ്റർ കോടതിയിൽ നിന്ന് തിരികെയെത്തിക്കാനോ, കംപ്യൂട്ടറിൽ വന്ന പിശകുകൾ തിരുത്താനോ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടാകുന്നില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ഭൂഉടമകളുടെ ആവശ്യം.