കിളിമാനൂർ: മടവൂർ പഞ്ചായത്തിലെ വീടും ഭൂമിയുമില്ലാത്ത 36 ഭവനരഹിതർക്ക് സർക്കാരിന്റെ കൈത്താങ്ങ്. സർക്കാരിന്റെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഇവർക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ ഭവനസമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് നടക്കും. 5.50 കോടി രൂപ ചെലവിൽ സീമന്തപുരത്ത് റവന്യൂവകുപ്പ് കൈമാറിയ 1.20 ഏക്കർ ഭൂമിയിലാണ് ഭവനസമുച്ചയം പണിയുന്നത്. ലൈഫ് മിഷന്റെ മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായിട്ടാണ് ഭവനസമുച്ചയം നിർമ്മിച്ച് നല്കുന്നത്. 36കുടുംബങ്ങൾക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഭവനസമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ട്. ശുദ്ധജലം വൈദ്യുതി എന്നിവയും ഒരുക്കും. ഭവനസമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ .സി മൊയ്തീൻ അദ്ധ്യക്ഷനാകും. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായ മടവൂരിൽ സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തറക്കല്ലിടൽ നിർവ്വഹിക്കും. വി. ജോയി എം.എൽ.എ, അടൂർ പ്രകാശ് എം.പി,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ ബി .പി മുരളി തുടങ്ങിയവർ പങ്കെടുക്കും