public-office

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ലഭിച്ചതോടെ സജീവമായി തലസ്ഥാനം. ആറ് മാസത്തിന് ശേഷം സർക്കാർ ഓഫീസുകളിൽ കൂടുതൽ ജീവനക്കാരെത്തി. ഇന്നലെ മുതൽ എല്ലാ ജീവനക്കാരും ഓഫീസിലെത്തണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നെങ്കിലും മുഴുവൻ ജീവനക്കാരും ആദ്യ ദിവസം ഓഫീസുകളിലെത്തിയില്ല. സെക്രട്ടേറിയറ്റിൽ ഏകദേശം 60 ശതമാനം ജീവനക്കാരാണ് ഹാജരായത്. പല ഓഫീസുകളിലും ഹാജർ കാര്യത്തിൽ മേലുദ്യോഗസ്ഥർ നിർബന്ധം പുലർത്തിയില്ല. രാത്രി വൈകി ഉത്തരവിറങ്ങിയതിനാൽ മറ്റ് ജില്ലകളിൽ നിന്നുള്ളവർക്ക് വരാൻ സാധിക്കാതിരുന്നതും ഹാജർനില കുറച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ജീവനക്കാർ ഓഫീസുകളിലെത്തും.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും ചില ഹോട്ടലുകളിൽ മാത്രമാണ് ഇരുന്ന് കഴിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയത്. ഇവിടങ്ങളിലും കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. മാസങ്ങളായി അടച്ചിട്ട പല ഹോട്ടലുകളും അറ്റകുറ്റപണി തീർത്ത് തുറക്കാനുള്ള ശ്രമമാണ്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നാട്ടിൽ പോയ ജീവനക്കാരോട് തിരിച്ചെത്താൻ നിർദേശിച്ചിട്ടുണ്ട്. ജീവനക്കാരെത്തി അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ശേഷം രണ്ട് ദിവസത്തിനുള്ളിൽ പഴയപടി പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഹോട്ടൽ അധികൃതർ. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഹോട്ടലുകൾ പ്രവർത്തിച്ച് തുടങ്ങിയാൽ തിരക്ക് ഉണ്ടാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.