1

പൂവാർ: തീരദേശ മേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പ്രഖ്യാപിച്ച ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ നിലവിൽ തുടരുകയാണ്. ജില്ലയിലെ സോൺ 3യിൽ ഉൾപ്പെടുന്ന തീരദേശ പഞ്ചായത്തുകളായ കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ എന്നിവിടങ്ങളിൽ രോഗവ്യാപന തോത് വളരെയധികം കുറഞ്ഞിട്ടുണ്ട്. ഈ പഞ്ചായത്തുകളിലും സമീപ പഞ്ചായത്തായ കാഞ്ഞിരംകുളത്തും ആരംഭിച്ചിട്ടുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ പുറമെ നിന്നുള്ള രോഗികൾക്കാണ് ഇപ്പോൾ കൂടുതലും ചികിത്സ നൽകിവരുന്നത്. ലോക്ക് ഡൗണിനെ തുടർന്നുള്ള നാളുകളിൽ രോഗവ്യാപനം സാമൂഹ്യ വ്യാനത്തിലേക്ക് കടക്കുകയും, ജനസാന്ദ്രത കൂടിയ കരുംകുളം പഞ്ചായത്തിലെ പുല്ലുവിളയിൽ സാമൂഹ്യ വ്യാപനമുണ്ടായത് ജനങ്ങളിൽ ആശങ്ക പടർത്തുകയും ചെയ്തിരുന്നു. സമ്പർക്ക രോഗികളുടെയും ഉറവിടം വ്യക്തമല്ലാത്തവരുടെയും എണ്ണം ക്രമാതീതമായ വർദ്ധനയുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ജൂലായ് പകുതിയോടെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചത്. ഇതിനുശേഷം നിയന്ത്രണങ്ങൾക്ക് വിധേയമായി മത്സ്യ ബന്ധനവും വിപണനവും സർക്കാർ അനുവദിച്ചിരുന്നു.

എന്നാൽ മറ്റ് പ്രദേശങ്ങളിലേക്ക് യാത്രചെയ്ത് തൊഴിലെടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു തീരദേശത്ത് നിലനിന്നിരുന്നതെന്ന് തൊഴിലാളികൾ പറയുന്നു. രോഗവ്യാപനതോത് കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ വേണം എന്നു തന്നെയാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

ബസ് സർവീസ് പുനഃരാരംഭിച്ചു

കാട്ടാക്കട നിന്നു വന്നിരുന്ന ബസുകൾ അരുമാനൂർ പട്യക്കാലവരെയും നെയ്യാറ്റിൻകര നിന്നുള്ളത് കാഞ്ഞിരംകുളം വരെയും മാത്രമേ സർവീസ് നടത്തിയിരുന്നുള്ളൂ. ഇത് തീരദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ മുതൽ പൂവാർ ഡിപ്പോയിൽ നിന്നു ബസ് സർവീസ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 12 സർവീസുകളാണ് ആരംഭിച്ചത്. കാഞ്ഞിരംകുളം വഴി ആറ് സർവീസുകളും വിഴിഞ്ഞത്ത് നിന്ന് മൂന്ന് സർവീസുകളും കാട്ടാക്കടയിൽ നിന്ന് മൂന്നു സർവീസുകളുമാണ് ഇപ്പോൾ നടത്തുന്നത്. മറ്റ് ഡിപ്പോകളായ വിഴിഞ്ഞം, പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട ഡിപ്പോയിൽ നിന്നുള്ള ബസുകൾക്ക് പുറമെയാണിത്.