കിളിമാനൂർ :ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് നിർമ്മാണ, ഉത്പ്പാദനമേഖലകൾ വീണ്ടും സജീവമായതോടെ അന്യ സംസ്ഥാന തൊഴിലാളികളെ കാത്തിരിക്കുകയാണ് കരാറുകാരും കച്ചവടക്കാരും. നിർമ്മാണമേഖലയിലടക്കം തൊഴിലാളി ക്ഷാമം രൂക്ഷമാണ്. വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ജോലി നഷ്ട്ടപ്പെട്ട നിരവധിയാളുകൾ നാട്ടിലുള്ളപ്പോഴാണ് ഭായിമാർക്ക് ഈ ഡിമാന്റ് എന്നതിലാണ് വൈരുദ്ധ്യം.
തൊഴിലാളികൾ തിരിച്ചെത്തുന്നുണ്ടെങ്കിലും മടങ്ങിപ്പോക്കിന്റെയത്ര വേഗമില്ല. തൊഴിൽവകുപ്പിന്റെ കണക്കനുസരിച്ചു പോയതിന്റെ പകുതിപോലും തിരിച്ചെത്തിയിട്ടില്ല.
കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയവരിൽ അസാം, ഒറീസ, ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഘട്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. ഇതിൽ വലിയ ഒരു ശതമാനവും തിരിച്ചെത്താൻ തയാറാണെന്നു കരാറുകാരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ട്രെയിൻ സർവീസ് ഇല്ലാത്തതാണ് കാരണം.
അന്യ സംസ്ഥാന തൊഴിലാളികളെ കോവിഡ് ജാഗ്രതാ സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ കൊണ്ടുവരാവൂ എന്നാണ് സർക്കാർ നിർദ്ദേശം. ഇവർക്ക് ക്വാറന്റൈനും നിർബന്ധമാണ്. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് ക്വാറന്റൈനിൽ കഴിയാൻ സൗകര്യം ഉണ്ടോ എന്ന് തൊഴിൽ വകുപ്പ് പരിശോധിക്കും. തുടർന്നാണ് യാത്രയ്ക്ക് അനുമതി നൽകുന്നത്. ഇത്തരത്തിൽ കോവിഡ് ജാഗ്രത സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ കണക്കാണ് തൊഴിൽ വകുപ്പിനുള്ളത്. എന്നാൽ രജിസ്ട്രേഷൻ ഇല്ലാതെ വിമാനത്തിലും ചരക്ക് ലോറികളിലും മറ്റും തൊഴിലാളികൾ എത്തുന്നതിനാൽ ഇവരുടെ വിശദാംശങ്ങൾ ആരോഗ്യ പ്രവർത്തകർക്കോ തൊഴിൽ വകുപ്പിനോ ലഭ്യമല്ല. ഇവർ ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നതായും ജോലി ചെയ്യുന്നതായുംആക്ഷേപമുണ്ട്.
ചിലയിടങ്ങളിൽ കരാറുകാരും കടയുടമകളെയുമൊക്കെ വിമാനങ്ങളിൽ തൊഴിലാളികളെ എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നും കരാറുകാർ പറയുന്നു. കരാർ കമ്പനികൾ തന്നെ ഇവർക്ക് ക്വാറന്റൈൻ സൗകര്യം ഒരുക്കുന്നുണ്ട്.
അന്യസംസ്ഥാന തൊഴിലാളികൾക്ക് ഡിമാന്റ് കൂടാൻ കാരണം: ഏതു കഠിന ജോലികളും ചെയ്യും. കുറഞ്ഞ കൂലി, കൂടുതൽ സമയം ജോലി ചെയ്യും. നിത്യവും ജോലിക്കെത്തും.
ഹോട്ടൽ, നിർമ്മാണ മേഖല, ഓടകൾ വൃത്തിയാക്കൽ ,ഹോളോ ബ്രിക്സ് കമ്പനികൾ എന്നിവിടങ്ങളിലാണ് ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത്.
ഉൽപ്പാദന-നിർമ്മാണ മേഖലയിൽ വൻ ഡിമാന്റ്.
തൊഴിലാളികളുടെ മടങ്ങിവരവിൽ ഗണ്യമായ കുറവ് ഉള്ളതിനാൽ തിരിച്ചെത്തിയ തൊഴിലാളികൾക്ക് വേണ്ടി മത്സരമാണ് കരാറുകാരും മുതലാളിമാരും. ജോലിചെയ്തു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളിലേക്കാൾ കൂടുതൽ കൂലി വാഗ്ദാനം ചെയ്ത് ഭായിമാരെ 'അടിച്ചുമാറ്റി"ക്കൊണ്ട് പോക്ക് ഇപ്പോൾ ഈ മേഖലയിൽ വ്യാപകമാണ്.