
എ.ജിയുടെ നിയമോപദേശം തേടും
തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലുകൾക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭമുയരവെ, സംസ്ഥാന സർക്കാരും ഇതിനെതിരെ നിയമ പോരാട്ടത്തിന്.
സംസ്ഥാനങ്ങളുടെ അഭിപ്രായം കേൾക്കാതെ പാർലമെന്റിൽ നടത്തിയ നിയമ നിർമ്മാണത്തിനെതിരെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനെ സമീപിക്കുന്നതിന്റെ ഭാഗമായി നിയമോപദേശം തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ നിയമവകുപ്പിനു പുറമേ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും തേടും.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അവകാശമുള്ള കൺകറന്റ് പട്ടികയിൽപ്പെടുന്നതാണ് കൃഷി . ഇത് മറികടന്ന്, സംസ്ഥാനങ്ങളുടെ അവകാശം ഹനിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെ കോടതിയിൽ ചോദ്യം ചെയ്യാമെന്ന് നിയമ വകുപ്പ് നിയമോപദേശം നൽകിയിരുന്നു. ബില്ലിനെതിരെ നിലപാട് സ്വീകരിക്കുന്ന പഞ്ചാബടക്കമുള്ള സംസ്ഥാനങ്ങളുടെ പിന്തുണയും ഇക്കാര്യത്തിൽ കേരള സർക്കാർ പ്രതീക്ഷിക്കുന്നു. മറ്റ് സംസ്ഥാനങ്ങളുമായി അഭിപ്രായ സമന്വയത്തിനും ശ്രമിക്കും.
സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തും കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിച്ചുമല്ലാതെ കാർഷിക മേഖലയിൽ കേന്ദ്രസർക്കാരിന് ഏകപക്ഷീയമായി നയങ്ങളും തീരുമാനങ്ങളുമെടുക്കാനാവില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള കുത്തക ഭീമന്മാരെ സഹായിക്കലാണിത്. കാർഷിക മേഖലയെ പൂർണമായി കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്ന നിയമങ്ങളാണ് , മോദി സർക്കാർ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ കാർഷിക പാക്കേജിന്റെ മറവിൽ പാസ്സാക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിൽ പൊതു അഭിപ്രായമുയർന്നു. സംസ്ഥാനത്തെ ഭക്ഷ്യ- കാർഷിക- മത്സ്യ മേഖലകളിൽ ഈ നിയമ നിർമ്മാണങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 30നകം ബോർഡ് റിപ്പോർട്ട് സമർപ്പിക്കണം.