കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷൻ വളപ്പിലെ 'തൊണ്ടിമുതൽ' ആയ തുരുമ്പിക്കുന്ന വാഹനങ്ങൾ ഇനി കാണില്ല. അവയെല്ലാം പിന്നിലേക്ക് ഒതുക്കി പകരം മനോഹരമായ ഉദ്യാനവും പച്ചക്കറി തോട്ടവും ഉണ്ടാക്കുന്ന തിരക്കിലാണ് പൊലീസ് ഉദ്യോഗസ്ഥർ. മിനുക്കുപണികളാണ് ബാക്കിയുള്ളത്. സ്റ്റേഷൻ കോമ്പൗണ്ടിലെ മുഴുവൻ കാടും പാഴ് മരങ്ങളും വെട്ടിമാറ്റി സ്ഥലം വൃത്തിയാക്കി. റാങ്കുകളുടെ വലിപ്പ ചെറുപ്പമില്ലാതെയാണ് മെസ്സിലേക്കാവശ്യമായ പച്ചക്കറികൾ ഉണ്ടാക്കാൻ ഇവർ ഇറങ്ങിയത്.
കൊവിഡ് കാരണം ഒഴിവാക്കിയ വെള്ളിയാഴ്ചയിലെ പരേഡിന്റെ സമയം വെറുതെ കളയാതെയാണ് അദ്ധ്വാനം. ഡ്യൂട്ടി ഭാരത്തിനിടയിലും കാക്കിയുടുപ്പ് മാറ്റി സ്റ്റേഷൻ പരിസരം മനോഹരമാക്കുന്ന ബേഡകത്തെ പൊലീസുദ്യോഗസ്ഥർ സന്ദർശകർക്ക് കൗതുകമാണ്. തൂമ്പയെടുത്ത് കാട് വെട്ടുന്നതും മണ്ണ് ചുമക്കുന്നതും കല്ല് കെട്ടുന്നതും വയറിംഗ് പ്ലംബിംഗ് ജോലികളെല്ലാം ചെയ്യുന്നത് വനിതാ പൊലീസുകാരടക്കമാണ്. എല്ലാ ദിവസവും നേരത്തേ സ്റ്റേഷനിലെത്തിയാണ് സമയം കണ്ടെത്തുന്നത്.
പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും സന്നദ്ധ സാമൂഹ്യ പ്രവർത്തകരുടെയും വ്യാപാരികളുടെയും സഹകരണത്തോടെയുമാണ് പൂന്തോട്ട നിർമ്മാണവും സന്ദർശക ഹാളും പച്ചക്കറിത്തോട്ടവും പൂർത്തീകരിക്കുന്നത്. പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പച്ചക്കറിതോട്ടം ഒരുക്കൽ. ബേഡകം ഇൻസ്‌പെക്ടർ ടി. ഉത്തംദാസ്, എസ്.ഐമാരായ മുരളീധരൻ, രാമചന്ദ്രൻ, വേലായുധൻ, പൊലീസുദ്യോഗസ്ഥരായ ഗോപകുമാർ, പ്രദീപ്കുമാർ, മധുസൂദനൻ എന്നിവർക്കാണ് ജോലികളുടെ നേതൃത്വം. ഉദ്യാനത്തിന്റെയും പച്ചക്കറി തോട്ടത്തിന്റെയും ഉദ്ഘാടനം നടത്താൻ അടുത്തയാഴ്ച ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി. രാമചന്ദ്രൻ, ഡിവൈ.എസ്.പിമാരായ ഹരിശ്ചന്ദ്ര നായിക്, പി. ബാലകൃഷ്ണൻ നായർ, ജനപ്രതിനിധികൾ, സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനാ ഭാരവാഹികൾ എന്നിവരും സംബന്ധിക്കും.
പൊലീസുകാരുടെ കൂട്ടായ്മയുടെ തെളിവാണ് ആരും ഒന്ന് നോക്കിപോകുന്ന ഉദ്യാനവും പച്ചക്കറി തോട്ടവും. കാടുപിടിച്ച വളപ്പ് വൃത്തിയാക്കിയെടുക്കാൻ കഠിനാദ്ധ്വാനം ചെയ്തു. തുരുമ്പിച്ച വാഹനങ്ങളെല്ലാം പിറകിലേക്ക് ഒതുക്കി. 13 വാഹനങ്ങൾ ലേലം ചെയ്യാൻ ഉത്തരവായിട്ടുണ്ട്.
ടി. ഉത്തംദാസ്
(ബേഡകം പൊലീസ് ഇൻസ്‌പെക്ടർ )