sep23a

ആറ്റിങ്ങൽ: ആലംകോട് നിന്ന് ഒരു കോടിയോളം രൂപ വിലയുള്ള കഞ്ചാവ് പിടിച്ചെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. മണമ്പൂര് തൊപ്പിച്ചന്ത എഫ്.എഫ് മൻസിലിൽ ഭഗത് (26)​ ആണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 22 ന് കീഴാറ്റിങ്ങൽ സ്വദേശികളായ അർജ്ജുൻ(27), അജിൻ(25), ആറ്റിങ്ങൽ സ്വദേശി ഗോകുൽ (25) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.

പ്രതികളുടെ പക്കൽ നിന്ന് അന്ന് ഹാഷിഷ് ഓയിലും നോട്ടെണ്ണൽ മെഷീനും പണവും ആഡംബര കാറും ലോറിയും പിടിച്ചെടുത്തിരുന്നു. ഒളിവിലായിരുന്ന ഭഗത്തിനെ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഹരികൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ആലംകോട് കോഴി ഫാമിലെ രണ്ട് യുവാക്കളെയും കല്ലമ്പലത്തെ ഒരു യുവാവിനെയും നിരീക്ഷിച്ചു വരികയാണ്. ഇവരുടെ താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ യുവാക്കൾ ബാല്യകാല സുഹ‌ൃത്തുക്കളായിരുന്നു. എങ്ങനെയും പണമുണ്ടാക്കി ആഡംബര ജീവിതം നയിക്കണമെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. അതിനായാണ് കഞ്ചാവ് ബിസിനസ് തുടങ്ങിയതെന്ന് എക്സൈസ് പറഞ്ഞു. ഭഗത്താണ് ആന്ധ്രയിലും മറ്റും സഞ്ചരിച്ച് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഹോൾസെയിലായി എത്തിക്കുന്നത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഹരികൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ നെടുമങ്ങാട് സി.ഐ വിനോദ്,​ ആര്യനാട് സി.ഐ ആദർശ്,​ നെടുമങ്ങാട് പ്രിവന്റീവ് ഓഫീസർ നസിമുദ്ദീൻ,​ അസിസ്റ്റന്റ് കമ്മിഷണർ രാജേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ വലയിലാക്കിയത്.