വെള്ളറട: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോളും മലയോര ഗ്രാമങ്ങളിൽ മുൻകരുതലുകളും,​ സുരക്ഷയുമില്ലാത്ത ചന്തകൾ വ്യാപകമാകുന്നു. റോഡുവക്കിൽ ചേരുന്ന ഇത്തരം ചന്തകളിൽ നിന്ന് വൈറസ് വ്യാപനം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പഞ്ചായത്തിൽ നിന്നും ചന്തകൾക്കാവശ്യമായ സ്ഥലം ലഭിക്കാത്തതിനാലാണ് റോഡുവക്കിൽ കച്ചവടക്കാർ സുരക്ഷയില്ലാത കച്ചവടം ചെയ്യുന്നത്.

വെള്ളറടയിലെ ആനപ്പാറയിൽ സർക്കാർ ഭൂമിയിൽ ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്ന ചന്ത ഒഴിപ്പിച്ചതിനെ തുടർന്ന് വരുമാനം നിലച്ച കച്ചവടക്കാർ വെള്ളറട ആനപ്പാറ റോഡിൽ കാരമൂട്ടിൽ റോഡുവക്കിലാണ് ഇപ്പോൾ ചന്ത കൂടുന്നത്. കൂടുതൽ പേർക്ക് ഒരേ സമയം സാധനങ്ങൾ വാങ്ങുവാനുള്ള സൗകര്യം ഇവിടെയില്ല.

ഗ്രാമപഞ്ചായത്ത് ഇടപെട്ട് ചന്തയ്ക്ക് ആവശ്യമായ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാന്നൂറോളം നാട്ടുകാർ ഒപ്പിട്ട നിവേദനം മാസങ്ങൾക്ക് മുമ്പ് ഗ്രാമപഞ്ചായത്തിനും റവന്യു വകുപ്പിനും വ്യവസായ വകുപ്പിനും നൽകിയിരുന്നു.

എന്നാൽ ഏതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.

റോഡുവക്കിൽ ചന്ത പ്രവർത്തിപ്പിക്കുന്നതു കാരണം പലപ്പോഴും ഗതാഗതകുരുക്കും ഉണ്ടാകാറുണ്ട്. പ്രധാന റോഡിൽ മലിന ജലം ഒഴുകുന്നതും മാലിന്യങ്ങളും കാരണം അസഹ്യമായ ദുർഗന്ധവും പരിസരവാസികളായ നാട്ടുകാർക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്. ഇതിനാലാണ് ചന്ത പ്രവർത്തിപ്പിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകണമെന്ന് നാട്ടുകാരും കച്ചവടക്കാരും ഒറ്റക്കെട്ടായി അധികൃതരോട് ആവശ്യപ്പെടുന്നത്.

ആനപ്പാറയിൽ സർക്കാരിന്റെ ഉടമസ്ഥതയിൽ വനം വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സ്ഥലങ്ങൾ ആവശ്യത്തിലേറെ ഒഴിഞ്ഞുകിടക്കുന്നത് റവന്യു വകുപ്പ് ഏറ്റെടുത്ത് മാർക്കറ്റ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.