കിളിമാനൂർ: ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് സംസ്ഥാനത്തെ നിർമ്മാണ ഉത്പാദന മേഖലകൾ സജീവമായെങ്കിലും അന്യ സംസ്ഥാന തൊഴിലാളികളുടെ മടങ്ങിവരവ് വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതും തദ്ദേശീയരായ തൊഴിലാളികൾ കൂലി വർദ്ധിപ്പിച്ചതുമാണ് പ്രശ്നങ്ങൾക്ക് കാരണം. വിവിധ മേഖലകളിൽ പണിയെടുക്കുന്നവരിൽ സിംഹഭാഗവും അന്യസംസ്ഥാന തൊഴിലാളികളാണ്. അസാം, ഒറീസ, ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ ഏറെയും. ഇവർ മടങ്ങിയെത്താൻ വൈകിയതോടെയാണ് കരാറുകാരും കച്ചവടക്കാരും അടക്കം ബുദ്ധിമുട്ടിലായത്. ട്രെയിൻ സർവീസുകൾ പൂർണതോതിൽ ആരംഭിക്കാത്തതാണ് തൊഴിലാളികളുടെ മടങ്ങിവരവിന് തടസം സൃഷ്ടിക്കുന്നത്. ചിലയിടങ്ങളിൽ കരാറുകാരും കടയുടമകളുമൊക്കെ വിമാനങ്ങളിൽ തൊഴിലാളികളെ എത്തിക്കുന്നുണ്ട്. ഇതൊന്നും തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകുന്നില്ലെന്നാണ് എല്ലാവരും പറയുന്നത്. തിരിച്ചെത്തിയ തൊഴിലാളികളെ സ്വന്തമാക്കുന്നതിനുള്ള മത്സരവും കരാറുകാർക്കിടയിലുണ്ട്. നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങളേക്കാൾ കൂടുതൽ കൂലി പറഞ്ഞാണ് ഈ 'അടിച്ചുമാറ്റൽ'
അന്യ സംസ്ഥാനങ്ങളിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരികെയെത്തിയ നിരവധിപേർ സംസ്ഥാനത്തുള്ളപ്പോഴാണ് ഭായിമാർക്ക് ഈ ഡിമാൻഡ് എന്നതാണ് ഏറെ വിചിത്രം.
നാട്ടിലെ പണിക്കാർ കൂലി കൂട്ടി
അന്യസംസ്ഥാനക്കാർ ഇല്ലാതായതോടെ നാട്ടിലെ പണിക്കാർ കൂലി കൂട്ടി ചോദിക്കുന്നതായി കരാറുകാർ. ആയിരം രൂപ വാങ്ങിയിരുന്ന മേസ്തിരിമാർ 1200 ചോദിക്കുന്നു. മൈക്കാടുകാരും തക്കംനോക്കി കൂലി കൂട്ടി. 700 രൂപയിൽ നിന്ന് 900 ആക്കി. പാറ,മെറ്റൽ പണിക്കാർ ഇതിലും കൂടുതൽ കൂലി ചേദിക്കുന്നുണ്ട്. ആവശ്യപ്പെടുന്ന കൂലി നൽകുന്നവരുടെ കൂടെയാണ് പണിക്കാർ പോകുന്നത്. സമയബന്ധിതമായി തീർക്കേണ്ട ഗവ. വർക്കുകളെയും ഇത് ബാധിക്കുന്നു. മുൻകൂട്ടി തുക ഉറപ്പിച്ചു നടത്തുന്ന പണികൾക്കും ചെലവേറുകയാണ്.
ഭായിമാർ ചില്ലറക്കരല്ല...
കേരളത്തിലെ അസംഘടിത മേഖലയിൽ ഇന്ന് ഒഴിച്ചുകൂടാനാകത്തവരാണ് അന്യസംസ്ഥാന തൊഴിലാളികൾ. നിർമ്മാണ മേഖലയടക്കം പലയിടത്തും ഭൂരിഭാഗവും ഇവരാണ്. തദ്ദേശീയരായ തൊഴിലാളികളെ കിട്ടാനില്ലാത്തതും അന്യസംസ്ഥാന തൊഴിലാളികൾക്ക് കൂലി കുറവാണെന്നതും ഇവരെ പ്രിയരാക്കുന്നു. ഹോട്ടൽ, പൗൾട്രി ഫാം, ഹോളോ ബ്രിക്സ്, റോഡ് നിർമ്മാണം എന്നിങ്ങനെ ഭായിമാർ ഇല്ലാത്ത തൊഴിലിടങ്ങൾ ഇന്നില്ല.
മലയാളികളേക്കാൾ കൂലി കുറവ്
കൂടുതൽ സമയം ജോലി ചെയ്യും
എന്ത് ജോലിക്കും ആളിനെ ലഭിക്കും
അവധിയെടുക്കുന്നത് വിരളം