നെടുമങ്ങാട് : പരിമിതികൾക്ക് നടുവിൽ പ്രവർത്തിക്കുന്ന നെടുമങ്ങാട് റവന്യൂ ഡിവിഷൻ ഓഫീസിന് ആസ്ഥാനം ഒരുക്കാനുള്ള നടപടികളെ ചൊല്ലി വിവാദം പുകയുന്നു. നഗരസഭയുടെ അധീനതയിൽ വട്ടപ്പാറ റോഡിൽ അരശുപറമ്പിലുള്ള 70 സെന്റ് സ്ഥലം മന്ദിര നിർമ്മാണത്തിനു വിട്ടുകൊടുക്കാനുള്ള നഗരസഭാ കൗൺസിൽ തീരുമാനത്തിന് പിന്നാലെ, എം.എൽ.എ ഇടപെട്ട് തിരുവനന്തപുരം ഹൈവേയിൽ കിള്ളിയാറിൻ തീരത്തെ 46 സെന്റ് റവന്യു പുറമ്പോക്ക് കെട്ടിട നിർമ്മാണത്തിന് നിശ്ചയിച്ചതാണ് വിവാദത്തിന് വഴിമരുന്നിട്ടത്. കാലവർഷത്തിൽ പതിവായി വെള്ളം നിറയുന്ന പുതുവൽ ഭൂമിയാണ് കെട്ടിടം പണിയാൻ കണ്ടെത്തിയതെന്നാണ് പരാതി. കിള്ളിയാർ കൈയേറ്റം ഒഴിപ്പിക്കലിന് നേതൃത്വം വഹിച്ചവർ തന്നെ സർക്കാർ ഓഫീസ് പണിയാൻ ആറ്റുപുറമ്പോക്ക് കണ്ടെത്തിയത് ദുരൂഹമാണെന്നും ആരോപണമുണ്ട്. തീരുമാനത്തിനെതിരെ സമീപവാസികൾ നൽകിയ ഹർജിയെ തുടർന്ന്, ആറ്റുപുറമ്പോക്കിൽ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് നഗരസഭാധികൃതർക്ക് പ്രവേശനം നിഷേധിച്ച് നെടുമങ്ങാട് മുനിസിഫ് കോടതി ഉത്തരവിട്ടു. കിള്ളിയാർ കരയിലെ പത്താംകല്ലിൽ സ്വകാര്യ വസ്തുക്കൾക്കും പൊതുവഴിക്കും സമീപത്തായി 46 സെന്റാണ് പുതുവൽ വസ്തുവുള്ളത്. 10 മീറ്റർ ഗ്രീൻ ബെൽറ്റ് സ്ഥാപിച്ചു മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാവൂ. വസ്തുവിന്റെ മുൻഭാഗത്ത് നാലുവരിപ്പാതയുടെയും കിള്ളിയാർ മിഷന്റെയും അളവ് കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 36 സെന്റിലാണ് മന്ദിര നിർമ്മാണം ലക്ഷ്യമാക്കുന്നത്.
ശിലാസ്ഥാപനം 25ന് റവന്യു മന്ത്രി നിർവഹിക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. ആറ്റിൽ വെള്ളപ്പൊക്കമുണ്ടായാൽ നിർദ്ദിഷ്ട സ്ഥലത്ത് വെള്ളം കയറാത്ത നിലയിൽ സൈഡ്‌വാൾ നിർമ്മിക്കാനാണ് പദ്ധതി. എന്നാൽ, അരശുപറമ്പിൽ സന്ദർശകർക്ക് ഏറെ അനുയോജ്യമായ സ്ഥലം ഒഴിവാക്കി, ആറ്റുപുറമ്പോക്ക് കണ്ടെത്തിയതിന് പിന്നിൽ സാമ്പത്തിക താത്പര്യമാണെന്ന് ആക്ഷേപം ശക്തമാണ്. ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് ഉൾപ്പെടെ മന്ദിര നിർമ്മാണത്തിന് ഏഴു കോടി രൂപയാണ് സംസ്ഥാന ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൽ 3.75 കോടി രൂപ അനുവദിക്കുകയും ജനപ്രതിനിധികളും റവന്യു അധികാരികളും സ്ഥലം സന്ദർശിച്ച് ഉറപ്പാക്കുകയും ചെയ്തിരുന്നു.
രണ്ടര വർഷം വാടകക്കെട്ടിടത്തിൽ
നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകൾ ഉൾപ്പെടുത്തി 2018 മേയിലാണ് ആർ.ഡി.ഓഫീസ് നെടുമങ്ങാട്ട് അനുവദിച്ചത്. കെട്ടിടം ഒരുക്കിക്കൊടുക്കാമെന്ന് നഗരസഭ ഉറപ്പ് ചെയ്തിരുന്നു. ടൗൺ എൽ.പി.എസിന് എതിർവശത്തെ മുനിസിപ്പൽ കോംപ്ലക്സിൽ മുറി ഒരുക്കിയെങ്കിലും ഓഫീസ് പ്രവർത്തനം പ്രായോഗികമല്ലെന്ന നിലപാടിലായിരുന്നു റവന്യൂ വിഭാഗം. രണ്ടര വർഷമായി ടൗണിൽ നിന്ന് മാറി വാളിക്കോട് നിന്നും കൊപ്പത്തേക്ക് പോകുന്ന ബൈറൂട്ടിൽ വാടക കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ആർ.ഡി ഓഫീസിലെത്താൻ പൊതുജനങ്ങൾ നേരിടുന്ന ബിദ്ധിമുട്ടുകൾ സംബന്ധിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.