കാട്ടാക്കട:പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ കരിയംകോട് വാർഡിലെ വോട്ടർപട്ടികയിൽ നിന്നും നിരവധി പേരെ ഒഴിവാക്കാൻ വ്യാജ പരാതി നൽകിയതായി പരാതി. വോട്ടർമാർ സ്ഥലത്തില്ല എന്ന് വ്യാജമായി ആക്ഷേപം തയാറാക്കി തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷൻ ഓഫീസർ കൂടിയായ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയതായാണ് പരാതി ഉയരുന്നത്.പരാതിയിൽ ഹിയറിംഗിനുള്ള അധികൃതരുടെ മറുപടി നോട്ടീസ്, ഹാജരാകാനുള്ള തീയതി കഴിഞ്ഞ് ആക്ഷേപകന് കിട്ടുന്ന തരത്തിലാണ് അയച്ചിരിക്കുന്നത്. ഈ കത്ത് കിട്ടിയതോടെയാണ് തങ്ങൾ അറിയാത്ത പരാതിയാണ് നൽകിയതെന്ന് മനസിലായത്.ഇതിനിടയിൽ ആദ്യം നോട്ടീസ് കിട്ടിയ പലരും പരാതിയിൽ പേരുള്ളവരെ കയ്യേറ്റം ചെയ്യുന്നതിൽ വരെ എത്തി. കൂടുതൽ പേർക്ക് നോട്ടീസ് ലഭിച്ചതോടെയാണ് കരിയം കോട് വാർഡിൽ ഇതേപോലെ 80തോളം പേർക്ക് നോട്ടീസ് ലഭിച്ചതായി അറിയുന്നത്.ഇതറിഞ്ഞ് പരാതിയിൽ പറയുന്ന വാദിയും പ്രതിയും ഒരുമിച്ച് പഞ്ചായത്ത് ഓഫീസിൽ എത്തി തങ്ങൾ അറിയാതെയാണ് ഇത്തരത്തിൽ കള്ളപ്പരാതി നൽകിയതായി പരാതിപ്പെട്ടത്. ആരോ ബോധപൂർവം വോട്ടർമാരെ ഒഴിവാക്കാൻ ഇടപെട്ടതായാണ് പരാതി ഉയരുന്നത്. ഇത്തരത്തിൽ കോൺഗ്രസ് അനുഭാവികളായ എൺപതോളം പേരുടെ പേരിലാണ് കഴിഞ്ഞ ദിവസങ്ങളിൽ നോട്ടീസ് എത്തിയത്. 16നുള്ള ഹിയറിംഗിന് ഹാജരാകാൻ 22നാണ് നോട്ടീസ് കിട്ടിയതെന്ന് പരാതിക്കാർ പറയുന്നു. ഒഴിവാക്കാൻ ആക്ഷേപം കൊടുത്തിട്ടുള്ളതെല്ലാം കോൺഗ്രസ് അനുഭാവികളാണ്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്കും, തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയതായി മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കട്ടയ്ക്കോട് തങ്കച്ചൻ അറിയിച്ചു. ആക്ഷേപം നൽകിയവർക്കെല്ലാം ഹിയറിംഗിന് കൃത്യ സമയത്ത് തന്നെ കത്ത് അയച്ചിട്ടുണ്ടെന്നും പരാതി പരിശോധിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.