salary-cut

സഹകരിക്കുമെന്ന് ഭരണ യൂണിയനുകൾ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ച മൂന്ന് ഓപ്ഷനുകളും സ്വീകാര്യമല്ലെന്ന നിലപാട് പ്രതിപക്ഷ സർവീസ് സംഘടനകൾ സ്വീകരിച്ചതോടെ ശമ്പളം പിടിക്കൽ സംബന്ധിച്ച തീരുമാനം വീണ്ടും പ്രതിസന്ധിയിലായി. ഇക്കാര്യത്തിൽ ഒരുവട്ടംകൂടി ചർച്ച നടത്തുമെന്ന സൂചന കഴിഞ്ഞദിവസം ധനമന്ത്രി പ്രകടിപ്പിച്ചിരുന്നു. അതിനാൽ ശമ്പളം പിടിക്കുന്നതിൽ സർക്കാർ കടുത്ത നിലപാടെടുത്താലും ഈ മാസം അതു നടപ്പാവില്ല.

ജീവനക്കാർക്ക് പരമാവധി ആനുകൂല്യങ്ങൾ നേടി സർക്കാരുമായി സഹകരിക്കുമെന്നാണ് സി.പി.എം അനുകൂല സംഘടനയായ എഫ്.എസ്. ഇ.ടി.ഒ വ്യക്തമാക്കിയത്. തങ്ങളുടെ സഹസംഘടനകളുമായി വിശദമായി ചർച്ച നടത്തിയശേഷമേ മന്ത്രിയെ തീരുമാനമറിയിക്കൂ എന്ന് എൻ.ജി.ഒ യൂണിയൻ നേതാവ് മാത്തുക്കുട്ടിയും പറഞ്ഞു. ജീവനക്കാരെ വിശ്വാസത്തിലെടുത്തേ ശമ്പളം പിടിക്കാവൂ എന്ന് സി.പി.ഐ അനുകൂല സംഘടനകളും വ്യക്തമാക്കി. ശമ്പളം പിടിച്ചാൽ സൂചനാ പണിമുടക്ക് അടക്കമുളള സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ബി.മനുവും ജന.സെക്രട്ടറി കെ.പി. രാജേന്ദ്രനും വ്യക്തമാക്കി.

സെറ്രോ

ശമ്പളം നിർബന്ധമായി പിടിക്കരുതെന്ന് കോൺഗ്രസ് അനുകൂല ഫെഡറേഷനായ സെറ്രോ ചെയർമാൻ ചവറ ജയകുമാറും ജനറൽ കൺവീനർ എം.സലാഹുദ്ദീനും ധനമന്ത്രിക്ക് കത്ത് നൽകി. ശമ്പളം പിടിച്ചാൽ ആറുമാസം കഴിഞ്ഞ്‌ തിരിച്ചുനൽകാമെന്ന് സർക്കാർ കോടതിയിൽ നൽകിയ ഉറപ്പ് പാലിക്കണം. നിർബന്ധമായി ശമ്പളം പിടിക്കുകയാണെങ്കിൽ കോടതിയെ സമീപിക്കുകയും പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുകയും ചെയ്യും.

ജോയിന്റ് കൗൺസിൽ

ജീവനക്കാരെയും അദ്ധ്യാപകരെയും വിശ്വാസത്തിലെടുത്തുവേണം ശമ്പളം പിടിക്കൽ നടപ്പാക്കാനെന്ന് സി.പി.ഐ നിയന്ത്രണത്തിലുള്ള അദ്ധ്യാപക -സർവീസ് സംഘടനാ സമരസമിതി നിർദ്ദേശിച്ചു. ക്ഷാമബത്ത കുടിശിക നൽകുക, ലീവ് സറണ്ടർ എല്ലാവർക്കും നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

 ഫെറ്രോ

ധനമന്ത്രിയുടെ മൂന്നു നിർദ്ദേശങ്ങളും സ്വീകാര്യമല്ലെന്നും ഇനി ജീവനക്കാരുടെ ശമ്പളം പിടിക്കാനനുവദിക്കില്ലെന്നും ഫെറ്റോ ജനറൽ സെക്രട്ടറി എസ്. കെ.ജയകുമാർ ധനമന്ത്രിയെ അറിയിച്ചു. പിടിച്ച ശമ്പളം തിരിച്ചു നൽകണമെന്നും ഇനി പിടിക്കരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.

എംപ്ലോയീസ് സംഘ്

ശമ്പളം പിടിക്കുന്നതിലൂടെ സംസ്ഥാനത്തെ സിവിൽ സർവീസിനെ തകർക്കുകയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് സെക്രട്ടേറിയറ്ര് എംപ്ലോയീസ് സംഘ് ആരോപിച്ചു. ശമ്പളം പിടിക്കുന്നതിൽ നിന്നു പിന്മാറണമെന്ന് സംഘ് ജനറൽ സെക്രട്ടറി ടി.ഐ. അജയകുമാർ ആവശ്യപ്പെട്ടു.