tourism

കൊച്ചി: വിനോദസഞ്ചാരദിനം കടന്നുപോയെങ്കിലും അടച്ചിട്ട മത്സ്യഫെഡ് ജല-വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടിരുന്ന സീസണുകളെല്ലാം നഷ്ടമായതോടെ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സീസണുകളിലാണ് ഏക പ്രതീക്ഷ.

ഞാറയ്ക്കൽ, മാലിപ്പുറം, വൈക്കം പാലക്കരി എന്നിവിടങ്ങളിലായി മത്സ്യഫെഡിന്റെ ജല-വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. കൊവിഡ് മൂലം അടച്ചിട്ട കേന്ദ്രങ്ങൾ തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതരും ജീവനക്കാരും. മൂന്ന് കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക് മാസങ്ങളായി വരുമാന മാർഗം അടഞ്ഞിട്ട്.

പട്ടിണിയിൽ സ്ത്രീകൾ

സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകൾ നടത്തുന്ന ഭക്ഷണശാലയാണ് മത്സ്യഫെഡ് ജല വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രധാന ആകർഷണം. ഫാമിൽ വളർത്തുന്ന മീനുകളെ രുചികരമായാണ് ഭക്ഷണശാലകളിൽ വിളമ്പുന്നത്. നാടൻ ഊണാണ് പ്രധാന വിഭവം. ഈ രുചിയറിയാൻ നിരവധി പേരാണ് ഇവിടെയെത്താറുള്ളത്. കൊവിഡ് നിയന്ത്രണങ്ങളിൽ പൂട്ടു വീണശേഷം ഭക്ഷണശാലകൾ തുറന്നിട്ടില്ല. ഭക്ഷണശാലകളെ ആശ്രയിച്ചു കഴിയുന്ന 27 സ്ത്രീകളുടെ വരുമാനമാർഗമാണ് അടഞ്ഞത്. ഭക്ഷണശാലകൾ തുറക്കാത്തതിനാൽ ഫാമിലെ മീനുകൾ വിൽക്കുകയാണ്.

ടൂറിസം പാക്കേജുകൾ

നിരവധി ടൂറിസം പാക്കേജുകളാണ് ഇവിടെയുള്ളത്. മുസിരിസുമായി ചേർന്ന് സംസ്കൃതി, ഭൂമിക, യാത്രിക തുടങ്ങിയ പാക്കേജുകളാണുള്ളത്. മാലിപ്പുറം, ഞാറയ്ക്കൽ കേന്ദ്രങ്ങൾ ചേർന്ന് ഒരുക്കിയ ദ്വയം എന്ന പാക്കേജ് നിരവധി സഞ്ചാരികളെ ആകർഷിക്കുന്നതാണ്. വാട്ടർ സൈക്കിൾ, സോളാർ ബോട്ട്, കയാക്കിംഗ്, വെള്ളത്തിന്റെ നടുവിൽ ബാംബു ഹട്ട്സ്, ബാംബു തുരത്ത്, കണ്ടൽ പാർക്ക്, പൂമീൻ ചാട്ടം തുടങ്ങി നിരവധി ആകർഷണങ്ങളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ടോയെന്ന് തിരക്കി നിരവധി ഫോൺ കോളുകളാണ് ദിനംപ്രതി ലഭിക്കുന്നത്. കൊവിഡ് സമയത്ത് സുരക്ഷിതമായത് വില്ലേജ്, ഫാം ടൂറിസമാണെന്നാണ് സഞ്ചാരികളുടെ വാദം.

സീസണുകളെല്ലാം നഷ്ടമായി

തിരുവോണം ഒഴിച്ച് ബാക്കിയെല്ലാ ദിവസങ്ങളിലും തുറന്നു പ്രവർത്തിക്കുന്നതാണ് മത്സ്യഫെഡിന്റെ ജല വിനോദ സഞ്ചാര കേന്ദ്രങ്ങൾ. വിദേശികളുടെ തിരക്ക് അനുഭവപ്പെടുന്ന ഓൺസീസൺ പൂർണമായി നഷ്ടമായതും തിരിച്ചടിയായി. ഏകദേശം ഒരു കോടി രൂപയുടെ ബിസിനസാണ് നഷ്ടമായത്.

പ്രതീക്ഷയോടെ

" വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ്. സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കാൻ ഞങ്ങൾ തയ്യാറാണ്."

നിഷ പി.

ഫാം മാനേജർ

മത്സ്യഫെഡ് ജല-വിനോദ സഞ്ചാര കേന്ദ്രം