nia

 പറഞ്ഞു പഠിപ്പിച്ച പോലെ ജീവനക്കാരുടെ മൊഴികൾ

 ശാസ്ത്രീയ അന്വേഷണത്തിന് എൻ. ഐ. എ

തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷ് എത്തിച്ച പാഴ്സലുകൾ സർക്കാർ സ്ഥാപനമായ സി-ആപ്‌റ്റ് അനധികൃതമായി മലപ്പുറത്ത് എത്തിച്ചതിനെ പറ്റി ശാസ്ത്രീയ അന്വേഷണത്തിലേക്ക് എൻ.ഐ.എ നീങ്ങുന്നു.

ഇന്നലെ രണ്ടാംദിവസവും എൻ.ഐ.എ സി-ആപ്‌റ്റിൽ പരിശോധന നടത്തി. അവിടത്തെ ജീവനക്കാരുടെ പറഞ്ഞു പഠിപ്പിച്ച പോലെയുള്ള

മൊഴികൾ സാഹചര്യ തെളിവുകളുമായി ചേരാത്തതിനാലാണ് ശാസ്ത്രീയ അന്വേഷണം.

ഇതിന്റെ ഭാഗമായി മലപ്പുറത്തേക്ക് പാഴ്സൽ കൊണ്ടുപോയ ലോറിയുടെ ജി.പി.എസ് റെക്കാർഡർ എൻ.ഐ.എ പിടിച്ചെടുത്തു. ഈ വാഹനം തൃശൂരിലെത്തിയപ്പോൾ ജി. പി.എസ് ഓഫാക്കിയെന്ന് കണ്ടെത്തി. വാഹനം എങ്ങോട്ടൊക്കെ പോയി, എവിടെയെല്ലാം നിറുത്തി എന്നെല്ലാം കണ്ടെത്തണം. ഈ ലോറിക്ക് പിന്നാലെ സി-ആപ്‌റ്റിന്റെ മറ്റൊരു വാഹനം ബംഗളുരുവിലേക്ക് പോയതും അന്വേഷിക്കുന്നുണ്ട്.

ജി.പി.എസ് ചുമതലയുള്ള ഉദ്യോഗസ്ഥനെ കൊല്ലത്തുനിന്ന് വിളിച്ചുവരുത്തി മൊഴിയെടുത്തു. ഡെലിവറി സ്റ്റോറിന്റെ കീപ്പർ നിസാമിനെയും ലോറി ഡ്രൈവർ അഗസ്റ്റിൻ,​ വെഹിക്കിൾ സൂപ്പർവൈസർ സുരേഷ് എന്നിവരെയും ചോദ്യംചെയ്തു. സ്റ്റോറിലെ ചില രജിസ്റ്ററുകൾ പിടിച്ചെടുത്തു. നിസാമിന്റെ ഉള്ളൂരിലെ വീട്ടിൽ നിന്ന് മതഗ്രന്ഥം കണ്ടെടുത്തു. സി-ആപ്‌റ്റ് എം.ഡിയായിരുന്ന എം.അബ്ദുൽ റഹ്‌മാന്റെ നിർദ്ദേശപ്രകാരമാണ് പാഴ്സലുകൾ കൊണ്ടുപോയതെന്നാണ് ഡ്രൈവറുടെയും മറ്റ് ജീവനക്കാരുടെയും മൊഴി.

സ്വപ്ന എത്തിച്ച 32 പാഴ്സലുകളിൽ ഒരെണ്ണം തുറന്ന് ജീവനക്കാരെ കാട്ടിയ ശേഷം ബാക്കിയുള്ളവ മലപ്പുറത്തേക്ക് കൊണ്ടുപോയെന്നാണ് മന്ത്രി ജലീൽ ആദ്യം പറഞ്ഞിരുന്നത്. തൂക്കത്തിൽ 14കിലോയുടെ വ്യത്യാസം എൻ.ഐ.എ കണ്ടെത്തിയതോടെ ഒരു പാക്കറ്റിലെ മതഗ്രന്ഥങ്ങൾ ജീവനക്കാർക്ക് നൽകിയെന്നാണ് പുതിയ വിശദീകരണം. ജീവനക്കാരെല്ലാം എൻ.ഐ.എയോട് ഇത് തന്നെ ആവർത്തിക്കുന്നു.

കോൺസുലേ​റ്റിന്റെ പാഴ്സൽ സി-ആപ്‌റ്റിൽ എത്തിച്ചതെന്തിനെന്നും അതിന്റെ രേഖകൾ എവിടെയെന്നുമുള്ള ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് മറുപടിയുണ്ടായില്ല.

അന്വേഷണം തുടങ്ങിയ ശേഷം അഞ്ച് ജീവനക്കാരെ സ്ഥലംമാറ്റിയതും അന്വേഷിക്കുന്നുണ്ട്. സി-ആപ്‌റ്റ് ഡയറക്ടർ സ്ഥാനു നിന്ന് എം.അബ്ദുൽ റഹ്‌മാനെ എൽ.ബി.എസ് ഡയറക്ടറായി മാറ്റിയിരുന്നു. എൽ.ബി.എസിലെത്തിയ എൻ.ഐ.എ രണ്ടു മണിക്കൂറോളം അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.

പാഴ്സൽ സ്വീകരിച്ചത് എന്തിന്,​ ഔദ്യോഗിക കാര്യത്തിനാണോ ബംഗളുരുവിൽ പോയത് തുടങ്ങിയ ചോദ്യങ്ങൾക്ക് അബ്ദുൽ റഹ്‌മാന് ഉത്തരമുണ്ടായില്ല. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എൻ.ഐ.എ പറഞ്ഞു.