തിരുവനന്തപുരം: കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്ക് തുരങ്കപാത നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടു നിന്ന് താമരശ്ശേരി ചുരം വഴിയാണ് വയനാട്ടിലേക്ക് ഇപ്പോൾ വാഹനങ്ങൾ പോകുന്നത്. പ്രകൃതിക്ഷോഭവും വാഹനങ്ങളുടെ തിരക്കും കാരണം ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. അതിവർഷമുണ്ടാകുമ്പോൾ മാസങ്ങളോളം ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമായാണ് തുരങ്കപാത പണിയുന്നത്.
ബദൽപാത എന്നത് ഈ മേഖലയിലുള്ളവർ ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ചുരം പാത വനഭൂമിയിലൂടെ ആയതിനാൽ വീതി കൂട്ടുന്നതിനും സംരക്ഷണ പ്രവൃത്തികൾ നടത്തുന്നതിനും തടസങ്ങൾ നേരിടുന്നുണ്ട്. ബദൽ പാത മാത്രമാണ് പരിഹാരം.
7.82 കിലോമീറ്റർ നീളം
ആനക്കാംപൊയിലിൽ നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന പാതയ്ക്ക് 7.82 കിലോമീറ്റർ നീളമുണ്ടാകും. തുരങ്കത്തിന്റെ നീളം 6.9 കിലോമീറ്റർ വരും. തുരങ്ക നിർമാണത്തിൽ വൈദഗ്ദ്ധ്യം തെളിയിച്ച കൊങ്കൺ റെയിൽവേ കോർപറേഷനെ ഈ പദ്ധതിയുടെ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി നിശ്ചയിച്ചിട്ടുണ്ട്. 658 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി നൽകി. കിഫ്ബിയിൽ നിന്നാണ് പണം ലഭ്യമാക്കുന്നത്. പഠനങ്ങൾക്കു ശേഷം കൊങ്കൺ കോർപറേഷൻ പദ്ധതി റിപ്പോർട്ട് സമർപ്പിക്കും. അത് ലഭിച്ചാൽ മറ്റു നടപടികൾ ആരംഭിക്കും.