തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിന്റെ മുതിർന്ന നേതാവും കെ.എം. മാണിയുടെ വിശ്വസ്തനുമായിരുന്ന മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി ജോസഫ് പക്ഷത്തേക്ക് ചാടാനൊരുങ്ങുന്നു. കേരള കോൺഗ്രസ്-എമ്മിന്റെ ഉന്നതാധികാര സമിതിയംഗമാണ് പുതുശ്ശേരി. ജോസ് വിഭാഗം ഇടതുപക്ഷത്തേക്ക് ചേക്കേറാനൊരുങ്ങുന്നതിലുള്ള അതൃപ്തിയാണ് കാലുമാറ്റത്തിന് പിന്നിലെന്നാണ് സൂചന. കെ.എം. മാണിയുടെ വേർപാടിന് ശേഷം പാർട്ടിയിൽ പിളർപ്പുണ്ടായ വേളയിലടക്കം ജോസിപ്പം ഉറച്ചു നിന്ന നേതാവാണ് മൂന്ന് തവണ തിരുവല്ലയെ പ്രതിനിധീകരിച്ച പുതുശ്ശേരി. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ചില മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ജോസഫുമായും സംസാരിച്ചു. ഇന്നോ നാളെയോ പരസ്യമായി നിലപാട് പ്രഖ്യാപിച്ചേക്കും.