തിരുവനന്തപുരം: ആറുമാസത്തെ ആയുസ് കൽപ്പിച്ച് ചൊവ്വ പര്യവേക്ഷണത്തിന് അയച്ച ഇന്ത്യയുടെ മംഗൾയാൻ ( മാഴ്സ് ഓർബിറ്റർ മിഷൻ ), ഭ്രമണപഥത്തിൽ ഇന്ന് ആറുവർഷം പൂർത്തിയാക്കി ഐ.എസ്.ആർ.ഒയേയും ലോകത്തേയും അൽഭുതപ്പെടുത്തുന്നു. 2013 നവംബർ 5നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് മംഗൾയാൻ വിക്ഷേപിച്ചത്. പത്തുമാസത്തെ യാത്രയ്ക്കൊടുവിൽ 2014 സെപ്തംബർ 24ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തി. അന്നുമുതൽ ഐ.എസ്. ആർ.ഒ ബാംഗ്ളൂർ കേന്ദ്രത്തിലേക്ക് ചിത്രങ്ങളും ശാസ്ത്രവിവരങ്ങളും അയച്ചുകൊണ്ടിരിക്കുകയാണ്. ജൂലായിൽ ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ഫോബോസിന്റെ തെളിമയാർന്ന ചിത്രവും അയച്ചു. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായിരുന്നു മംഗൾയാൻ.
ആറ് വർഷങ്ങൾ പിന്നിടുമ്പോൾ ഐ.എസ്. ആർ.ഒയെ ആഹ്ളാദിപ്പിക്കുന്നത് മൂന്ന് കാര്യങ്ങളാണ്. ഉപഗ്രഹത്തിലെ ഇന്ധനത്തിന്റെയും യന്ത്രത്തിന്റെയും കാര്യക്ഷമതയാണ് ഒന്ന്. ഉപഗ്രഹത്തിലെ വാർത്താവിനിമയ സംവിധാനത്തിന്റെ മേൻമ, അഞ്ച് ഉപകരണങ്ങളുടെ മികവ് എന്നിവയാണത്. ഉപഗ്രഹത്തിലെ മാർസ് കളർ ക്യാമറ ഉപയോഗിച്ചാണ് ഫോബോസിനെ പകർത്തിയത്. പ്രകാശ പ്രതിഫലനം കുറവുള്ള ഉപഗ്രഹമാണ് ഫോബോസ്. അതിന്റെ ചിത്രം എടുക്കാൻ കഴിഞ്ഞത് വൻനേട്ടമാണ്. ഇപ്പോഴും മംഗൾയാനിനെ ഫലപ്രദമായി നിയന്ത്രിക്കാനും അതിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാനും കഴിയുന്നുണ്ട്. മംഗൾയാന് രണ്ടുവർഷം കൂടി തുടരാനുള്ള ഇന്ധനം ബാക്കിയുണ്ട്..