ss

കുളത്തൂർ: കുളത്തൂർ മേഖലയിൽ വിവിധയിടങ്ങളിലായി മൊബൈൽ ഷോപ്പുകൾ കുത്തിത്തുറന്ന് പണവും സാധന സാമഗ്രികളും കവർന്നു. ഇന്നലെ പുലർച്ചെ 2 മണിക്ക് ശേഷമായിരുന്നു സംഭവം. കുളത്തൂർ വി.എസ്.എസ്.സി റോഡ്, കുളത്തൂർ ജംഗ്‌ഷൻ, മൺവിള പുല്ലുകാട് റോഡ് എന്നിവിടങ്ങളിലാണ് മോഷണ പരമ്പര അരങ്ങേറിയത്. കുളത്തൂർ രാമകൃഷ്ണ ആശുപത്രിക്ക് എതിർവശത്ത് മൈക്രോ ടെക് സിസ്റ്റംസ് എന്ന മൊബൈൽ ഷോപ്പിലെ പൂട്ടുകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത മോഷ്ടാക്കൾ 15000 രൂപയും വിലപിടിപ്പുള്ള മൊബൈലുകളും മറ്റും അപഹരിച്ചു. എല്ലാം വിലകൂടിയവ മാത്രം എടുത്താണ് മോഷ്ടാക്കൾ മടങ്ങിയത്. കുളത്തൂർ ശ്രീനാരായണ സ്മാരക വായനശാലയ്ക്ക് സമീപം തുമ്പോട്ടുവിളാകത്ത് സുനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള കടയാണിത് . അരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഇയാളുടെ തൊട്ടടുത്ത ഇന്റർനെറ്റ് കഫെ കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. തുടർന്ന് മണക്കാട് കമലേശ്വരം നളന്ദ ഗാർഡൻസിൽ താമസിക്കുന്ന സൈദലി കുളത്തൂർ ജംഗ്‌ഷനിൽ നടത്തുന്ന 'മൊബൈൽ ലൈഫ്' എന്ന ഷോപ്പിൽ നിന്ന് സ്മാർട്ട് ഫോൺ ഉൾപ്പെടെ ഏഴ് മൊബൈൽ ഫോണുകളും പവർ ബാങ്കുകളും മൊബൈൽ അസസറികളും 3000 രൂപയും കവർന്നു. ഇവിടെ കടയുടെ പൂട്ട് തകർക്കാനുള്ള ശ്രമം പാഴായതിനെ തുടർന്ന് ഇരുമ്പ് ഷട്ടറിന്റെ ലോക്കിടുന്ന ക്ലാമ്പ് കമ്പിപ്പാര ഉപയോഗിച്ച് ഇളക്കിയ ശേഷമാണ് അകത്തു കടന്നത്. ഇതിന് എതിർവശത്തെ ആദി കമ്മ്യൂണിക്കേഷനിലും സമീപത്തെ മറ്റൊരുകടയിലും പൂട്ടുതകർക്കാനും ശ്രമം നടന്നന്നു. മൺവിള ജംഗ്‌ഷനിൽ പുല്ലുകാട് റോഡിലേക്ക് തിരിയുന്നിടത്തെ വിമലിന്റെ മൊബൈൽ ഷോപ്പിൽ കടന്ന മോഷ്ടാക്കൾ 4000 രൂപ കവർന്നു. രാവിലെ ആറുമണിയോടെ തുറന്നു കിടക്കുന്ന കടകൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കഴക്കൂട്ടം പൊലീസും,തുമ്പ പൊലീസും സ്ഥലത്തെത്തി.വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കുളത്തൂർ ജഗ്‌ഷനിലെ മെഡിക്കൽ ഷോപ്പിലെയും ഹോട്ടലിന്റെയും സി.സി. ടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വോഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പ് മെഡിക്കൽ കോളേജ് പരിധിയിൽ നിന്ന് ഒരു ഡ്യൂക്ക് ബൈക്ക് മോഷണം പോയിരുന്നു. ഡ്യൂക്ക് ബൈക്കിലെത്തിയ യുവാക്കളാണ് മോഷണത്തിന് പിന്നിലെന്ന് ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു.