snake

കാഞ്ഞങ്ങാട്: മഴ ശക്തമായതോടെ പാമ്പുകളുടെ സ്വൈര്യ വിഹാരവും തുടരുകയാണ്. തണുപ്പും അനുകൂല കാലാവസ്ഥയുമായതോടെ ഇരതേടി വിഷപ്പാമ്പുകൾ വീട്ടു പരിസരങ്ങളിലും പകൽ സമയങ്ങളിൽ പോലും കറങ്ങുന്നുണ്ട്. അതേസമയം ഇക്കാര്യത്തിൽ അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത്.

പാമ്പു കടിയേറ്റാൽ ഏറ്റവും പെട്ടെന്ന് ചികിത്സ ലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എ.വി രാംദാസ് നിർദ്ദേശിക്കുന്നു. കടിയേറ്റാൽ വിഷമുള്ള പാമ്പാണോ അല്ലയോ എന്ന് മുറിവുകളുടെ രീതി നോക്കിയും തിരിച്ചറിയാനാകും. വിഷപ്പാമ്പുകൾ കടിച്ചാൽ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങൾ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിൽ വ്യത്യാസപ്പെട്ടിരിക്കും.

പാമ്പിന്റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകൾ മാത്രമാണ് സൂചിക്കുത്തുപോലെ കാണുക. വിഷപ്പാമ്പാണെങ്കിൽ കടിച്ച ഭാഗത്ത് വിഷം കലർന്നിട്ടുണ്ടെങ്കിൽ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളിൽക്കടന്ന വിഷത്തിന്റെ അളവ് എന്നവയ്ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം. ഇതൊക്കെയാണെങ്കിലും ഒരിക്കലും പാമ്പിനെ പിടിക്കാനായി പോകേണ്ട. വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, ആശുപത്രിയിൽ അതു കണ്ടു പിടിക്കാം.
പാമ്പുകടിയേറ്റാൽ പരിഭ്രമിക്കാതിരിക്കുയാണ് വേണ്ടത്. കടിയേറ്റവർ ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാൻ ഇതു കാരണമാകും. കടിയേറ്റ ഭാഗത്തെ വിഷം കലർന്ന രക്തം ഞെക്കിക്കളയുകയോ കീറി എടുക്കാനോ ശ്രമിക്കരുത്. രോഗിയെ കിടത്തരുത്. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കുക. എത്രയും വേഗം ആന്റി സ്‌നേക് വെനം ഉള്ള ആശുപത്രിയിലെത്തിക്കുക. രാജവെമ്പാല, മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെയാണ് ബാധിക്കുന്നത്. അണലിയുടെ വിഷം രക്ത മണ്ഡലത്തെയും ബാധിക്കും. രാജവെമ്പാല ജനവാസ മേഖലയിൽ ഇറങ്ങാറില്ലെങ്കിലും അണലി വീടിന് അകത്ത് വരെ എത്തും.