നെയ്യാറ്റിൻകര: നിർദ്ധന കുടുംബാംഗമായ അഞ്ച് വയസുകാരന് ജീവിക്കണമെങ്കിൽ ചികിത്സയ്ക്കായി ഇനിയും വേണം നാല്പത് ലക്ഷം രൂപ. പരശുവയ്ക്കൽ മേലേ കിടാരക്കുഴി പുതുവൽ പുത്തൻ വീട്ടിൽ സുനിൽ - ജിൻറു ദമ്പതികളുടെ മകനായ ഷാജു (5)വിനാണ് ചികിത്സാചെലവിനുള്ള പണം കണ്ടെത്താനാകാതെ മാതാപിതാക്കൾ വിഷമിക്കുന്നത്.
കരൾ പകുത്തു നൽകാൻ മാതാവുണ്ടെങ്കിലും 40 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. കൂലിപ്പണിക്കാരനായ സുനിലിന് ഇത്രയും തുക കണ്ടെത്താൻ കഴിയില്ല. കണ്ണിൽ മഞ്ഞ നിറം കണ്ടതിനെ തുടർന്ന് മൂന്ന് വർഷം മുൻപ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും തുടർന്ന് ശ്രീചിത്രയിലും ചികിത്സയിലായിരുന്നു. ഇതു വരെയുള്ള ചികിത്സയ്ക്കായി രണ്ട് ലക്ഷത്തോളം രൂപ ചെലവായി. കൂലിപ്പണി ചെയ്തും കടം വാങ്ങിയുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്. ഇപ്പോൾ എറണാകുളം ആസ്പർ മെഡിസിറ്റിയിലാണ് കരൾ മാറ്റിവയ്ക്കാനായി ചികിത്സ തേടുന്നത്. മാതാപിതാക്കളുടെ നെഞ്ചിടിപ്പൊന്നുമറിയാതെ വീട്ടുമുറ്റത്ത് ഓടി നടക്കുകയാണ് ഈ കുരുന്ന്. ചികിത്സയ്ക്ക് സഹായം നൽകാൻ താത്പര്യമുള്ളവർ എസ്.ബി.ഐ ധനുവച്ചപുരം ശാഖയിലെ 67250244160 എന്ന അക്കൗണ്ട് നമ്പരിലേക്ക് സഹായമെത്തിക്കണം. ഐ.എഫ്.എസ്.സി കോഡ് SBINO070458. ഫോൺ: 9447255306.