house

മുക്കം: സാമ്പത്തിക പ്രതിസന്ധി കാരണം വീടുപണി പൂർത്തിയാക്കാൻ കഴിയാതിരുന്നവർക്കായി മുക്കം ഭരണസമിതിയും ഉദ്യോഗസ്ഥരും തുനിഞ്ഞിറങ്ങിയപ്പോൾ കിട്ടിയത് നാലരക്കോടി രൂപ...! പി.എം.എ.വൈ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡിയായാണ്
2,67,000 രൂപ വീതം 167 പേർക്ക് ലഭിച്ചത്. വാർഡുകളിൽ ഗുണഭോക്താക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തിയ ശേഷമാണ് ഇടപെടലെന്ന് നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് പറഞ്ഞു.

വീട് നിർമ്മാണം തറയിൽ ഒതുങ്ങി നിന്നിരുന്ന മാമ്പറ്റ സ്വദേശി കൊടക്കാട്ട് ബിജീഷും സഹായം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്. കള്ളുഷാപ്പ് തൊഴിലാളിയായ ബിജീഷിനും ഏകമകൾ കൃഷ്‌ണേന്ദുവിന്റെയും സ്വപ്‌നമായ വീടും ആയിരം സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങി.

കേന്ദ്രത്തിന്റെ പി.എം.എ.വൈ ക്രഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീമിലാണ് വീട് വെക്കാൻ ബാങ്ക് ലോൺ എടുക്കുന്നവർക്ക് സബ്‌സിഡി നൽകുന്നത്. ആദ്യ ഘട്ടത്തിൽ മുക്കത്തെ ഒരു ബാങ്കിനെ സമീപിച്ച ബിജിഷിനെ ഈ ആനുകൂല്യം നിങ്ങൾക്ക് കിട്ടില്ലെന്ന് പറഞ്ഞ് മടക്കിയിരുന്നു. ബി.പി.എൽ അല്ലാത്തതിനാൽ സബ്സിഡി കിട്ടില്ലെന്ന് കരുതേണ്ടെന്നും വർഷം 18 ലക്ഷം രൂപ വരെ വരുമാനമുള്ളവരെല്ലാം പരിധിയിൽ വരുമെന്നും ഹരീഷ് പറഞ്ഞു. ബിജീഷിന്റെ വീടിന്റെ ഗൃഹപ്രവേശത്തിന് നഗരസഭ സെക്രട്ടറിയെയും ചെയർമാനെയുമെല്ലാം പങ്കെടുപ്പിച്ചിരുന്നു.