പ്രായഭേദമന്യേ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് അനീമിയ അഥവാ വിളർച്ച.
അതുകൊണ്ടുതന്നെ അതിനെ നിസാരമായി കാണാൻ കഴിയില്ല. ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഉൽപാദിപ്പിക്കപ്പെടാത്ത അവസ്ഥ, ശരീരത്തിന് പുന:സ്ഥാപിക്കാൻ കഴിയാത്ത വിധം തുടർച്ചയായി രക്താണുക്കൾ നഷ്ടപ്പെടുക, രക്താണുക്കൾ നശിക്കുക എന്നിവയാണ് വിളർച്ചയുടെ കാരണങ്ങൾ.
കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ ആവശ്യമുള്ളത്രയും ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾ ഇല്ലാത്തത് കൊണ്ടാണ് വിളർച്ചയുണ്ടാകുന്നത്.
ഒരു ചുവന്ന രക്താണുവിന്റെ ആയുസ് ഏകദേശം 120 ദിവസമാണ്. ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കാൻ ഇരുമ്പ്, വൈറ്റമിൻ ബി 12,ഫോളിക് ആസിഡ് എന്നിവ ആവശ്യമാണ്. ഇതിന്റെ കുറവ് കാരണം ഉത്പാദനം കുറയാം.
തുടർച്ചയായ രക്തനഷ്ടം ഉണ്ടാക്കുന്ന വിരശല്യം, മൂലക്കുരു, സ്ത്രീകളിൽ പല കാരണം കൊണ്ടുണ്ടാകുന്ന ബ്ലീഡിംഗ് എന്നിവയെല്ലാം വിളർച്ചയിലേക്ക് നയിക്കും.
അപകടം സംഭവിച്ചും മറ്റും പെട്ടെന്നുണ്ടാകുന്ന കടുത്ത രക്തനഷ്ടം വളരെ പെട്ടെന്ന് ജീവനെ അപകടത്തിലാക്കും.
സാധാരണ, ഇരുമ്പ് ഗുളികയായോ കുത്തിവയ്പ്പോ ആണ് പരിഗണിക്കുക. എന്നാൽ, അത്യാവശ്യമായി ജീവൻ രക്ഷിക്കാൻ രക്തം തന്നെ നൽകേണ്ടി വരും.
കുട്ടികളിലെ വിളർച്ച
കുഞ്ഞുങ്ങളിലെ വിളർച്ചയ്ക്ക് പ്രധാന കാരണം പച്ചക്കറിയോടുള്ള 'അലർജി'യാണ്. എന്നാൽ വിരശല്യം അവരിൽ വലിയൊരു പ്രശ്നമുണ്ടാക്കുന്നുണ്ട്. കഴിക്കുന്നത് മുഴുവൻ വിര ഊറ്റിയെടുക്കും, രക്തനഷ്ടവുമുണ്ടാകും. ഇത് കാരണമുള്ള വിളർച്ച വിശപ്പ് കെടുത്തും. വീണ്ടും വിളർച്ച വഷളാകും. ചെയ്യേണ്ടത്, നഖം കൃത്യമായി വെട്ടുക, രാത്രി കൃമി മമ്മി മലദ്വാരത്തിനടുത്ത് മുട്ടയിടാൻ വരുമ്പോൾ കുഞ്ഞ് ചൊറിഞ്ഞ് മുട്ട കൈയിലാവാൻ സാധ്യതയുള്ളതിനാൽ നന്നായി വസ്ത്രം ധരിപ്പിക്കുക. വീട്ടിലെല്ലാവരും ആറു മാസത്തിലൊരിക്കൽ വിരഗുളിക കഴിക്കുന്നത് നല്ലതാണ്. ബെഡ്ഷീറ്റും തോർത്തുമൊക്കെ ഇടയ്ക്ക് തിളപ്പിച്ച് അലക്കി വെയിലത്തിട്ട് ഉണക്കുന്നത് നല്ലതാണ്.
ലക്ഷണങ്ങൾ
അമിതമായ ക്ഷീണം, നടക്കുമ്പോൾ കിതപ്പ്, തളർച്ച, തലകറക്കം, നെഞ്ചിടിപ്പ്, ശരീരം വിളറി വെളുക്കുക, കാലുകളിൽ നീര് എന്നിവയാണ് പൊതുവെ കാണുന്ന ലക്ഷണങ്ങൾ. അനീമിയയുടെ കാരണങ്ങൾഅനുസരിച്ച് മറ്റു ലക്ഷണങ്ങളും ഉണ്ടാകാം.
അനീമിയ പല തരം
അയൺ ഡെഫിഷ്യൻസി അനീമിയ: ഭക്ഷണത്തിലെ അയണിന്റെ കുറവ്, ശരീരത്തിൽ നിന്ന് രക്തം നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന അയണിന്റെ കുറവ് എന്നിവ കാരണമുണ്ടാകുന്ന വിളർച്ചയാണിത്.
മെഗലോബ്ളാസ്റ്റിക് അനീമിയ: ശരീരത്തിൽ വിറ്റാമിൻ ബി 12ന്റെയും ഫോളിക് ആസിഡിന്റെയും അഭാവം കാരണം ഉണ്ടാകുന്ന അനീമിയ.
ഹീമോളിറ്റിക് അനീമിയ : 120 ദിവസം ആയുസുള്ള ചുവന്ന രക്താണുക്കൾ ആയുസെത്താതെ വേഗം നശിച്ചുപോവുന്നതുകാരണമുള്ള അനീമിയ.
അപ്പാസ്റ്റിക് അനീമിയ : ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുന്നുകാരണമുള്ള അനീമിയ ആണിത്. വിവിധതരം അണുബാധകൾ, രാസപദാർത്ഥങ്ങൾ, മരുന്നുകൾ തുടങ്ങിയവ ഇതിന് കാരണമാവാം.
സിഡറോപീനിക് അനീമിയ: വിവിധതരം അണുബാധകൾ, വാതസംബന്ധമായ രോഗങ്ങൾ, വൃക്കരോഗങ്ങൾ, വിവിധതരം ഗ്രന്ഥികോശങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ഇത്തരം അനീമിയ ഉണ്ടാകാം.
കണ്ടെത്താം
കണ്ണിലും ചർമ്മത്തിലുമുള്ള രക്തക്കുറവ് ക്ളിനിക്കൽ പരിശോധനയിൽ മനസിലാകും.
രക്തത്തിലെ ഹീമോഗ്ളോബിന്റെ അളവ് എച്ച്.ബി ടെസ്റ്റ് വഴി അറിയാം.
ഏതുതരം അനീമിയ എന്നതും രോഗകാരണവും മനസിലാക്കാൻ സി.ബി.സി, ഇ.എസ്.ആർ, എം.സി.വി, എം.സി.എച്ച്, എം.സി.എച്ച്.സി, പെരിഫറൽ സ്മിയർ തുടങ്ങിയ ടെസ്റ്റുകൾ സഹായിക്കും.
ചികിത്സ
അനീമിയുയുടെ ചികിത്സ അത് ഉണ്ടാകാനുള്ള കാരണങ്ങളെ അടിസ്ഥാനമാക്കിയാണ്.
ഭക്ഷണത്തിലെ അയൺ, വിറ്റാമിൻ എന്നിവയുടെ അഭാവം കാരണമായ അനീമിയയ്ക്ക് അയൺ ഗുളികകളും വിറ്റമിൻ ഗുളികകളും കഴിക്കാവുന്നതാണ്.