കരിവെള്ളൂർ: അക്ഷരാംബികയുടെ അനുഗ്രഹം തേടി പിറന്നാൾ ദിനത്തിൽ സി.വി. ബാലകൃഷ്ണൻ മൂകാംബികാ കടാക്ഷം തേടിയെത്തി. കോവിഡ് പശ്ചാത്തലത്തിൽ അന്തർ സംസ്ഥാന യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി കൊല്ലൂരിൽ നടത്തുന്ന പിറന്നാൾ ആഘോഷം കരിവെള്ളൂർ പലിയേരി മൂകാംബികാ ക്ഷേത്രത്തിൽ നടന്നു. ഒൻപത് വർഷം മുമ്പ് പിലിക്കോട് എരവിലെ സൗഹൃദ കൂട്ടായ്മയാണ് മലയാളത്തിന്റെ അക്ഷരപുണ്യം സി.വി. ബാലകൃഷ്ണന്റെ പിറന്നാൾ ആഘോഷത്തിന് കൊല്ലൂരിൽ തുടക്കം കുറിച്ചത്.
ഈ വർഷം ആഘോഷം കൊവിഡ് മാനദണ്ഡം പാലിച്ചായതിനാൽ നീണ്ട യാത്ര ഉപേക്ഷിച്ച് പലിയേരി മൂകാംബികാ ക്ഷേത്രത്തിൽ സംഘടിപ്പിക്കുകയായിരുന്നു. 'ദൈവം പിയാനോ വായിക്കുമ്പോൾ ' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. പലിയേരി എഴുത്തച്ഛന്റെ കർമ്മ സാധനയിൽ മനം നിറഞ്ഞ് കൊല്ലൂർ മൂകാംബിക പലിയേരിയിലെത്തി എന്നാണ് ഐതിഹ്യം. ഒരി ചങ്ങായീസ് കൂട്ടം നടത്തുന്ന ആതുര സേവന പരിപാടിയിൽ വൃക്കരോഗിക്കുള്ള സഹായധന കൈമാറ്റവും സി.വി. നിർവഹിച്ചു. പിറന്നാൾ ആഘോഷത്തിന് കെ.വി.ബാബുരാജൻ, ഡോ. വത്സൻ പിലിക്കോട്, കെ. ഹരി, നവീൻ ബാബു, കരിവെള്ളൂർ രാജൻ, ബാബു രചന, എം.പി. ജയകുമാർ എന്നിവർ നേതൃത്വം നൽകി. ഓരിക്കൂട്ടായ്മയുടെ സഹായധന വിതരണത്തിന് വിജേഷ്, വിനീഷ്, പ്രസാദ്, പ്രകാശ് എന്നിവർ നേതൃത്വം നൽകി.