muthalappozhi-

ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴിയിലും സമീപ കടൽത്തീരങ്ങളിലും വള്ളം,​ ബോട്ട് അപകടങ്ങൾ പതിവാകുന്നു. മുതലപ്പൊഴി തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ബോട്ടുകളും വള്ളങ്ങളും കരയിലേക്കും കടലിലേക്കും ഇറങ്ങുമ്പോൾ അഴിമുഖത്തെ വീതിക്കുറവ് ബുദ്ധിമുട്ട് സ‌ൃഷ്ടിക്കുകയാണ്. അപകടത്തിൽപ്പെടുന്ന ബോട്ടുകളിലുള്ളവർ പലപ്പോഴും നീന്തി രക്ഷപ്പെടുകയും ചിലരെ മറ്റ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയുമാണ് ചെയ്യുന്നത്. രണ്ടാഴ്ചയ്ക്കിടെ അഞ്ചുപേർ അപകടത്തിൽ മരിച്ചു. പതിനഞ്ചിലേറെ മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. കേരളത്തിന്റെ സൈന്യമെന്ന് പറയുമെങ്കിലും സുരക്ഷയുടെ കാര്യത്തിൽ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവരുടെ പരാതി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പാറക്കല്ല് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുള്ള കരാറിന്റെ ഭാഗമായി ബാർ‌ജുകൾ വരുന്നതിന് വഴിയൊരുക്കുന്നതിന് മുതലപ്പൊഴി അഴിമുഖത്ത് നാട്ടിയിരുന്ന കല്ലുകൾ അദാനി ഗ്രൂപ്പ് നീക്കം ചെയ്‌തിരുന്നു. ഇത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം പകർന്ന നടപടിയായിരുന്നെങ്കിലും ചെറിയ ഇടവേളയ്ക്കു ശേഷം മുതലപ്പൊഴിയിൽ വീണ്ടും അപകടങ്ങൾ പതിവാകുകയാണ്.

 10 വർഷം - മരണം -55

 2 വർഷം - മരണം -12

 ഹാർബറിലും അപകട ഭീഷണി

അടുത്തിടെ ഉദ്‌ഘാടനം നടത്തിയ മുതലപ്പൊഴി ഹാർബർ വഴി കടലിലേക്ക് പോകാനോ തിരികെ വരാനോ പറ്റാത്തവിധം അപകട ഭീഷണിയാണുള്ളതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലും കായലും ചേർന്നുവരുന്ന ഭാഗത്തുകൂടി വള്ളമിറക്കിയാൽ അപകടം ഉറപ്പാണ്.

കോസ്റ്റൽ പൊലീസിന് ബോട്ടില്ല

കടലിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷപ്പെടുത്താൻ ചുമതലപ്പെട്ട കോസ്റ്റൽ പൊലീസിന് ബോട്ടില്ല. ആകെയുണ്ടായിരുന്ന ഒരു ബോട്ട് കേടായി ഒതുക്കിയശേഷം കരയിൽ ഇതുവരെയും അത് കേടുപാട് തീർക്കാൻ നടപടിയായില്ല. അടുത്തിടെ നാവികസേനയുടെ ബോട്ട് ഇവർക്ക് പകരമായി നൽകിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. ഇതുസംബന്ധിച്ച് നേരത്തെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ആശങ്കയായി കടൽച്ചുഴി

----------------------------------------

കടൽ ക്ഷോഭിച്ചു നിൽക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ യാത്രയിലെ പ്രധാന കടമ്പ തിരക്കുഴിയാണ്. കടൽ തീരത്തുനിന്നും 50-60 മീറ്റർ അകലെയായി തിര രൂപപ്പെട്ടുവരുന്ന മേഖലയാണ് തിരക്കുഴി. ഒരേ സമയം നിരവധി തിരകൾ ഒന്നിനുപിറകെ ഒന്നായി അടിച്ചുയർന്ന് വരുമ്പോൾ ഇവിടെയെത്തുന്ന വള്ളത്തെ നിയന്ത്രിച്ചുനിറുത്താൻ മത്സ്യത്തൊഴിലാളികൾക്ക് സാധിക്കില്ല.

'' മുതലപ്പൊഴിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി അപകടങ്ങൾ കുറയ്ക്കുകയും താഴംപള്ളി-അഞ്ചുതെങ്ങ് തീര സംരക്ഷണത്തിനായി ഗ്രോയിംഗ് നിർമാണം കാലതാമസമില്ലാതെ ന‌ടപ്പിൽ വരുത്തുകയും വേണം.

ലോറൻസ് (മത്സ്യത്തൊഴിലാളി
ജില്ലാ യൂണിയൻ അംഗം, സി.ഐ.ടി.യു)