കല്ലമ്പലം : നാവായിക്കുളം കാവുവിള ശിവക്ഷേത്രത്തിലേക്കുള്ള ഏക റോഡ് തകർന്നതോടെ നാട്ടുകാർ ദുരിതത്തിലായി. ഇക്കഴിഞ്ഞ 15 ന് കാവുവിള ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ പാറ കയറ്റിവന്ന ടിപ്പർ ലോറി അമിതഭാരം മൂലം റോഡിന്റെ പാർശ്വഭിത്തി തകർത്ത് കുളത്തിലേക്ക് മറിഞ്ഞിരുന്നു. ക്രെയിനും, ജെ.സി.ബിയും വരുത്തി രണ്ട് ദിവസം പണിപ്പെട്ടാണ് ടിപ്പർ കരയ്ക്കെത്തിച്ചത്. ടിപ്പർ കുളത്തിൽ നിന്നും കരയ്ക്ക് കയറ്റുന്നതിനിടയിൽ റോഡിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുതാഴ്ന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. വാഹനങ്ങളുള്ള നിരവധി വീടുകളാണ് ഈ ഭാഗത്തുള്ളത്. ഇവർ വാഹനങ്ങൾ നാവായിക്കുളം - തുമ്പോട് റോഡിൽ നിറുത്തിയിട്ട ശേഷം കാൽനടയായാണ് വീടുകളിൽ പോകുന്നത്. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ദുരിതമനുഭവിക്കുന്ന നിരവധിപേർ ഇവിടെ താമസിക്കുന്നുണ്ട്. നടക്കാൻ കഴിയാത്ത ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരാനും മെയിൻ റോഡുവരെ എടുത്തുകൊണ്ടുപോകണം. സ്വകാര്യ വ്യക്തിയുടെ ലോറി കുളത്തിലേക്ക് മറിഞ്ഞ് തകർന്ന റോഡ് അവരെകൊണ്ട് തന്നെ പുനർനിർമ്മിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാർ. ഇത് സംബന്ധിച്ച് നാവായിക്കുളം പഞ്ചായത്തധികൃതർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. റോഡിനോട് ചേർന്നുള്ള വസ്തുവിൽ നിന്നും മഴയിൽ റോഡിലേക്ക് മണ്ണും പാറയും ഒഴുകിവന്നതോടെ ഇതുവഴിയുള്ള കാൽനടയാത്രയും ദുസഹമായി. കാവുവിള ശിവക്ഷേത്രത്തിൽ പോയിവരുന്ന ഭക്തരും ജീവനക്കാരും റോഡ് തകർന്നതോടെ ഏറെ ബുദ്ധിമുട്ടിലാണ്. ഭരണിക്കാവ് ഏലായിൽ കൃഷി ചെയ്യുന്ന കർഷകർ കൃഷിക്കാവശ്യമായ വളങ്ങളും യന്ത്രങ്ങളും കൊണ്ടുപോകാൻ കഴിയാതെ ദുരിതത്തിലാണ്. റോഡിന്റെ പാർശ്വഭിത്തി കെട്ടി കോൺക്രീറ്റ് ചെയ്ത് ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കണമെന്ന ആവശ്യം ശക്തമാണ്.