g

കടയ്ക്കാവൂർ: കടയ്ക്കാവൂർ ആയുർവേദ ആശുപത്രിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയായി മാസങ്ങൾ പലത് കഴിഞ്ഞിട്ടും ഉദ്ഘാടനം വൈകുന്നു. കടയ്ക്കാവൂർ പഞ്ചായത്ത്‌ പട്ടികജാതി ഫണ്ട്‌ ഉപയോഗിച്ച് വൃദ്ധ സദനത്തിനായി വാങ്ങിയ ഭൂമിയിൽ തീരദേശ വികസന ഫണ്ട്‌ ഉപയോഗിച്ച് ജനറൽ വിഭാഗത്തിലെ ആളുകൾക്ക് കൂടി ഉപയോഗപെടത്തക്ക തരത്തിൽ ഇരുപത് കിടക്കകൾ ഉള്ള ആയുർവേദ ആശുപത്രി കെട്ടിടമാണ് പണി കഴിഞ്ഞ് മാസങ്ങൾ പലത് കഴിഞ്ഞിട്ടും ഉദ്ഘാടനം കാത്ത് കിടക്കുന്നത്.

തീരദേശ വികസന ഫണ്ടായ ഒന്നരക്കോടി രൂപ വിനിയോഗിച്ചാണ് ആശുപത്രി കെട്ടിടം പൂർത്തിയാക്കിയത്. പട്ടിക ജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി പട്ടിക ജാതി വികസന ഫണ്ട്‌ ഉപയോഗിച്ച് വാങ്ങിയ ഭൂമി അവരുടെ ക്ഷേമത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്ന സർക്കാർ മാനദണ്ഡം നിലവിലിരിക്കെയാണ് രേഖകൾ പരിശോധിക്കാതെ പഞ്ചായത്ത്‌ കമ്മിറ്റി കെട്ടിട നിർമ്മാണത്തിന് അനുവാദം നൽകിയതെന്നെ ആക്ഷേപവും നിലനിൽക്കുന്നു.

നിലവിൽ തൊട്ടടുത്തു പ്രവർത്തിക്കുന്ന ആശുപത്രി കെട്ടിടത്തിൽ മഴക്കാലമായാൽ ഭൂമിയിൽ നിന്നുള്ള അടിയൂറ്റ് കാരണം ടൊയ്‌ലെറ്രും മറ്റും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒന്നരകോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ആയൂർവേദ ആശുപത്രി കെട്ടിടത്തിലെത്താൻ വാഹന സൗകര്യമൊരുക്കി പ്രവർത്തനയോഗ്യമാക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.