കിളിമാനൂർ: വാമനപുരം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഒക്ടോബർ 4 ന് നടക്കുന്ന തെരഞ്ഞെടുപ്പ് കൊ വിഡ് വ്യാപന പശ്ചാത്തലത്തിൽ മാറ്റി വയ്ക്കണമെന്ന ആവശ്യം ശക്തമായി. ഇക്കഴിഞ്ഞ മാർച്ച് 15 ന് വാമനപുരം യു.പി സ്കൂളിൽ വച്ച് തെരഞ്ഞെടുപ്പ് നിശ്ചയിക്കുകയും കൊവിഡ് പ്രോട്ടോ കോൾ പാലിക്കാൻ കഴിയാത്തതിനാൽ കളക്ടറുടെ നിർദേശ പ്രകാശം വോട്ടെടുപ്പ് നിർത്തിവയ്ക്കുകയുമായിരുന്നു.ഈ തെരഞ്ഞെടുപ്പാണ് അതേ കേന്ദ്രത്തിൽ ഒക്ടോബർ 4ന് നടത്തുന്നത്.വാമനപുരം പഞ്ചായത്ത് അതിർത്തിയിൽ കൊ വിഡ് പടർന്നു പിടിക്കുകയാണ്.പഞ്ചായത്തിലെ 6300 വോട്ടർമാരാണ് ഒരു കേന്ദ്രത്തിൽ വോട്ടുകൾ രേഖപ്പെടുത്തേണ്ടത്. വോട്ടെടുപ്പ് ആയതിനാൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകരും ഇവിടെ തമ്പടിക്കും.സാമൂഹിക അകലം ഇക്കാരണത്താൽ പാലിക്കാൻ കഴിയാതെ വരും . ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, കളക്ടർ എന്നിവർക്ക് പരാതി നൽകി.