തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ ടൂറിസം മേഖലയിലെ നിയന്ത്രണം നീക്കി സഞ്ചാരികൾക്കായി നിയന്ത്രങ്ങളോടെ തുറന്നുകൊടുത്തിട്ടും കേരളത്തിൽ പ്രതിവർഷം 45,000 കോടി രൂപയുടെ വരുമാനം ലഭ്യമാക്കുന്ന ടൂറിസം മേഖല തുറക്കാൻ ഇനിയും നടപടിയായില്ല. 15 ലക്ഷത്തോളം പേർക്ക് നേരിട്ടും 20 ലക്ഷത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന ടൂറിസം മേഖലയുടെ ദീർഘനാളത്തെ അടച്ചിടൽ ഈ മേഖലയെ ആശ്രയിക്കുന്നവരുടെ ജീവിതം കരിനിഴലിലാക്കി.
മാർച്ചിൽ ആരംഭിച്ച ലോക്ക്ഡൗണോടെയാണ് ടൂറിസം മേഖല പരിപൂർണ്ണമായും അടഞ്ഞത്. ഗൈഡുകൾ, ഹോട്ടൽ മേഖലയിൽ പണിയെടുക്കുന്നവർ, ടൂറിസം കേന്ദ്രങ്ങളിലെ കച്ചവടക്കാർ, ഡ്രൈവർമാർ തുടങ്ങി തൊഴിലെടുക്കുന്നവരെല്ലാം ഈ മേഖല ഉപേക്ഷിച്ചു പോയി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 455 കോടിയുടെ ടൂറിസം സാമ്പത്തിക പാക്കേജ് ഈ മേഖലയിലെ സംരംഭകർക്കും തൊഴിലാളികൾക്കും ചെറിയ ആശ്വാസം നൽകിയിട്ടുണ്ട്. വായ്പയായി നൽകിയ ചെറിയ തുക മാത്രമായിരുന്നു ആശ്വാസം.
നിയന്ത്രണത്തോടെ തുറക്കണം
രാജസ്ഥാൻ, ഗോവ, കർണാടകം തുടങ്ങി പല സംസ്ഥാനങ്ങളും സെപ്റ്റംബർ ഒന്ന് മുതൽ നിയന്ത്രണങ്ങളോടെ ടൂറിസം മേഖല തുറന്നുകൊടുത്തു. എന്നാൽ, സംസ്ഥാനത്ത് നിലവിലുള്ള 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ വ്യവസ്ഥ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് തിരിച്ചടിയാണ്. ജൂൺ മുതൽ സംസ്ഥാനത്തെ ഹോട്ടലുകൾ, കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്നെങ്കിലും 7 ദിവസത്തെ ബിസിനസ് ആവശ്യങ്ങൾക്കായി വരുന്ന സന്ദർശകർക്ക് മാത്രമാണ് അതു ഗുണമാകുന്നത്. പ്രധാന നഗരങ്ങളിലെ ചുരുക്കം ഹോട്ടലുകൾക്ക് മാത്രമേ ഇത് ഉപകാരപ്പെടുന്നുള്ളൂ. ഏറ്റവും കൂടുതൽ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹൗസ് ബോട്ടുകൾ എന്നിവ പ്രവർത്തിക്കുന്ന വിനോദ സഞ്ചാര മേഖലയിൽ ഇത് ഗുണകരമാകുന്നില്ല.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടഞ്ഞു കിടക്കുന്ന 4000 ത്തിലധികം ഹോട്ടലുകൾ, റിസോർട്ടുകൾ, 1000 ലധികം ഹൗസ് ബോട്ടുകൾ, നൂറിലേറെ ആയുർവേദ സെന്ററുകൾ 1000 ത്തോളം ടൂർ ഓപ്പറേറ്റർമാർ, ഹോം സ്റ്റേ ഉടമകൾ, സാഹസിക വിനോദ സഞ്ചാര മേഖലയിലെ യൂണിറ്റുകൾ എന്നിവയുടെ പരിപാലനം, ബാങ്ക് വായ്‌പ, പലിശ, ജീവനക്കാരുടെ ശമ്പളം, വൈദ്യുതി നിരക്കുകൾ, നികുതികൾ തുടങ്ങി ഒഴിവാക്കാനാവാത്ത പല ചെലവുകളുണ്ട്. നിയന്ത്രണത്തോടെ സംസ്ഥാനത്തെ ടൂറിസം മേഖല തുറന്നു കൊടുക്കണമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നത്.