kurana

വ്യത്യസ്തമാർന്ന സിനിമകളും കഥാപാത്രങ്ങളും ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് ആയുഷ്മാൻ ഖുറാന. അവതാരകനായും ഗായകനായും തിളങ്ങിയ ശേഷമാണ് ആയുഷ്മാൻ ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറിയത്. അതേസമയം അയുഷ്മാൻ ഖുറാനയുടെതായി വന്ന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. 2020ൽ ലോകത്തിൽ എറ്റവും സ്വാധീനം ചെലുത്തിയ നൂറ് പേരുടെ പട്ടികയിൽ ഇടംപിടിച്ചതിന്റെ സന്തോഷമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.ടൈംസ് പുറത്തുവിട്ട പട്ടികയിൽ ഈ വർഷം ഇടംപിടിച്ച ഏക ഇന്ത്യൻ താരം കൂടിയാണ് ആയുഷ്മാൻ. ലോകത്തിലെ എറ്റവും സ്വാധീനമുളള 100പേരുടെ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. ലിസ്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഖുറാന സന്തോഷം പങ്കുവച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പിന്നാലെ ആയുഷ്മാനെ അഭിനന്ദിച്ച് സുഹൃത്തും നടിയുമായ ദീപിക പദുകോണും എത്തിയിരുന്നു. 1.3 ബില്യണിലധികം ജനസംഖ്യയുളള രാജ്യമാണ് ഇന്ത്യ. ഇവരിൽ ഒരു ചെറിയ ശതമാനം മാത്രമാണ് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത്.ആയുഷ്മാൻ ഖുറാന അവരിൽ ഒരാളാണ്. കഴിവും കഠിനാദ്ധ്വാനവുംകൊണ്ടാണ് നിങ്ങൾ ഇവിടെ വരെയെത്തിയത്. അതിലുപരി നിങ്ങളുടെ ക്ഷമയും നിർഭയത്വവുമുണ്ട്. സ്വപ്നം കാണുന്നവർക്ക് നിങ്ങളുടെ ഉയർച്ച എന്നും ഒരു പ്രചോദനമായിരിക്കും. ദീപിക ആയുഷ്മാനെ അഭിനന്ദിച്ചുകൊണ്ട് കുറിച്ചു. ടിവി ഷോകളിലൂടെ ബോളിവുഡിലേക്ക് എത്തിയ താരം കൂടിയാണ് ആയുഷ്മാൻ ഖുറാന. 2012ൽ പുറത്തിറങ്ങിയ വിക്കി ഡോണറാണ് നടന്റെ ആദ്യ ചിത്രം. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി നടൻ മാറിയിരുന്നു.