pic

പൃഥ്വിരാജ് മാത്രമല്ല ഭാര്യ സുപ്രിയ മേനോനും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇവരുടെ വിശേഷങ്ങളറിയാനായി ആരാധകരും കാത്തിരിക്കാറുണ്ട്. ഇപ്പോൾ പൃഥ്വിരാജിനെ ട്രോളി എത്തിയിരിക്കുകയാണ് സുപ്രിയ മേനോൻ. തൊണ്ണൂറുകളിൽ ജനിച്ച കുട്ടികൾക്ക് പൈനാപ്പിൾ പിസ എന്ന് കേൾക്കുമ്പോഴും പൈനാപ്പിൾ പെണ്ണേ എന്ന ഗാനം കേൾക്കുമ്പോഴും ഉണ്ടാവുന്ന ഭാവങ്ങളാണ് സുപ്രിയ ട്രോളാക്കിയത്. പൃഥ്വിയുടെ ചിത്രമായ അയ്യപ്പനും കോശിയിലെ മീം ആയിരുന്നു ട്രോളിനായി സുപ്രിയ ഉപയോഗിച്ചത്. ഇതിനകം തന്നെ താരപത്നിയുടെ ട്രോളും പോസ്റ്റും ആരാധകർ ഏറ്റെടുത്തു. നേരത്തെ നന്ദനം സിനിമയെക്കുറിച്ച് പറഞ്ഞ് പൃഥ്വി എത്തിയപ്പോഴും കമന്റുമായി സുപ്രിയ എത്തിയിരുന്നു. മനുവേട്ടാ എന്ന് വിളിച്ചായിരുന്നു താരപത്നി എത്തിയത്. സിനിമയിലെത്തി 18 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. എൻജിനീയറിംഗ് പഠനത്തിനിടയിലായിരുന്നു പൃഥ്വി സിനിമയിലെത്തിയത്. ഫാസിലായിരുന്നു സ്‌ക്രീൻ ടെസ്റ്റ് നടത്തിയതെങ്കിലും രഞ്ജിത്തിന്റെ സിനിമയിലേക്കുള്ള അവസരമായിരുന്നു പൃഥ്വിരാജിന് ലഭിച്ചത്. ഭാവിയിൽ താൻ സംവിധായകനായി അരങ്ങേറിയേക്കുമെന്ന് വളരെ മുൻപേ പൃഥ്വി പറഞ്ഞിരുന്നു. ലൂസിഫറിലൂടെയായിരുന്നു താരം സംവിധായകനായി എത്തിയത്. പൃഥ്വിയുടേയും സുപ്രിയ മേനോന്റേയും മകളായ അലംകൃതയെന്ന ആലിക്കും ആരാധകരുണ്ട്. ആലിയുടെ വിശേഷങ്ങൾ പങ്കുവച്ചും താരദമ്പതികൾ എത്താറുണ്ട്. മകളെ നെഞ്ചോട് ചേർത്തുള്ള ചിത്രം പങ്കുവച്ചായിരുന്നു കഴിഞ്ഞ ദിവസം പൃഥ്വി എത്തിയത്. എന്റെയെന്നായിരുന്നു ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. 'എന്റേതും' എന്ന മറു കമന്റോടെയാണ് സുപ്രിയ മേനോൻ എത്തിയത്. ഇവരുടെ സംഭാഷണത്തിന് കീഴിൽ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. മാദ്ധ്യമപ്രവർത്തകയായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു സുപ്രിയ പൃഥ്വിരാജിനെ പരിചയപ്പെട്ടത്. സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു . പൃഥ്വിയെന്ന സിനിമാക്കാരന് ശക്തമായ പിന്തുണയാണ് സുപ്രിയ മേനോൻ നൽകുന്നത്. പൃഥ്വിയുടെ സന്തോഷത്തിനും സമാധാനത്തിനുമാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് സുപ്രിയ മേനോൻ പറഞ്ഞിരുന്നു.ഭാര്യയുടെ പിന്തുണയെക്കുറിച്ച് വാചാലനായി പൃഥ്വിയും എത്തിയിരുന്നു.