ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ രണ്ടാംഘട്ട വികസനത്തോടനുബന്ധിച്ച് കൊടിനട മുതൽ ബാലരാമപുരം വരെ ഭൂമി ഏറ്റെടുത്ത് വികസനം നടത്തണമെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്ത്. നിലവിൽ കൊടിനട മുതൽ ബാലരാമപുരം വരെയുള്ള ഭൂമി ഏറ്റെടുക്കാതെയാണ് നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അഞ്ച് വർഷം മുമ്പ് സ്ഥലം എ കാറ്റഗറിയിൽ ഉൾപ്പെടുത്തി ബിജു പ്രഭാകർ കളക്ടർ ആയിരിക്കെ കൊടിനട മുതൽ ബാലരാമപുരം വരെ സ്ഥലം ഏറ്റെടുത്തപ്പോൾ ഈ ഭാഗത്തെ ഭൂമിക്ക് നഷ്ടപരിഹാരം നൽകി രണ്ടാംഘട്ട വികസനത്തിൽ ഉൾപ്പെടുത്തിയിരുന്നു. നഷ്ടപരിഹാരം കുറഞ്ഞുപോയി എന്ന് ആരോപണം ഉയർന്നെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ നടന്ന ചർച്ചയിലൂടെ അവ പരിഹരിച്ചിരുന്നു. എന്നാൽ സർക്കാർ മാറിയതോടെ റവന്യൂ നടപടകൾ വീണ്ടും തടസപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരെ നിരന്തരം സമീപിച്ചെങ്കിലും കൊടിനട മുതൽ ബാലരാമപുരം വരെയുള്ള ഭാഗം ഒഴിവാക്കുകയായിരുന്നു. അടുത്തിടെ വ്യാപാരികളുമായി നടന്ന ചർച്ചയിലാണ് കട ഒഴിവാക്കിയുള്ള വികസനത്തിന് വ്യാപാരികൾ പച്ചക്കൊടി കാണിച്ചത്. ഈ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ കരിങ്കൽ കെട്ടി ഉയർത്തുന്നത് കച്ചവടത്തെ സാരമായി ബാധിച്ചതായി വ്യാപാരികൾ പ്രതിഷേധിച്ചു. കൊടിനട മുതൽ ബാലരാമപുരം ജംഗ്ഷൻ വരെ അമ്പതോളം കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്ഥലമേറ്റെടുത്ത് നഷ്ടപരിഹാരം നൽകാൻ കഴിയില്ലെന്ന തീരുമാനമാണ് അധികൃതർ വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. രണ്ടാംഘട്ട വികസനത്തിൽ കൊടിനട മുതൽ ബാലരാമപുരം വരെ വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കിയുള്ള ഭാഗത്ത് മാത്രമേ നിർമാണത്തിന് അനുമതിയുള്ളൂവെന്ന് കരാർ കമ്പനിയായ യു.എൽ.സി.എസ് അറിയിച്ചു.
കൊടിനട - വഴിമുക്ക് മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി മാത്രമേ തിരുവനന്തപുരം റോഡിൽ കൊടിനട ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾ പൊളിച്ച് സ്ഥലമേറ്റെടുക്കുകയുള്ളൂ. ഉപഭോക്താക്കൾക്ക് കടന്നുവരാനുള്ള വഴി അടഞ്ഞതോടെ വ്യാപാരികൾ ആശങ്കയിലായിരിക്കുകയാണ്. കച്ചവടസ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് നൽകാമെന്ന് അറിയിച്ചിരുന്ന നഷ്ടപരിഹാരവും ഇതേവരെ വിതരണം ചെയ്തിട്ടില്ല. കൊടിനട മുതൽ ബാലരാമപുരം വരെ സ്ഥലമേറ്റെടുക്കണമെന്ന് എം.എൽ.എമാർ ഉൾപ്പെടെ സർക്കാരിനോടാവശ്യപ്പെട്ടെങ്കിലും രണ്ടാംഘട്ട വികസന പൂർത്തീകരണത്തിന് ഇത് വെല്ലുവിളിയാകുമെന്ന് പാർട്ടിതലത്തിൽ ഒരു വിഭാഗം ആക്ഷേപം ഉന്നയിച്ചതോടെ പിൻമാറുകയായിരുന്നു.