മലയിൻകീഴ് : പേയാട് കാരാംകോട്ടുകോണം ശിവകുമാറിന്റെ വീട് കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിൽ തകർന്നു. ശക്തമായ കാറ്റിനെ തുടർന്ന് മൺകട്ട കൊണ്ട് നിർമിച്ച ചുമരും ഷീറ്റ് മേഞ്ഞ മേൽക്കൂരയും തകർന്ന് വീണു.വീട്ടിൽ ഉറക്കത്തിലായിരുന്ന കുടുംബാംഗങ്ങളുടെ ദേഹത്ത് മൺകട്ട പതിച്ച് ശിവകുമാറിന്റെ കൈക്കും ശവികുമാറിന്റെ ഭാര്യ ഷീലയുടെ കാലിനും പരിക്കുണ്ട്. ഇവർ വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. സമ്പൂർണ ഭവനപദ്ധതിയിൽ വിളവൂർക്കൽ പഞ്ചായത്തിൽ അർഹരായവരുടെ പട്ടികയിലുൾപ്പെട്ടെങ്കിലും എഗ്രിമെന്റിന് ശേഷം രേഖകളും പ്രമാണവും തിരിച്ച് നൽകി ആനുകൂല്യം നിഷേധിച്ചതായാണ് ശിവകുമാർ പറയുന്നത്. ലൈഫ് പദ്ധതിയിലും അപേക്ഷ നൽകിയിട്ടുണ്ട്.വിദ്യാർത്ഥികളായ മൂന്നു കുട്ടികൾ ഉൾപ്പെട്ട കുടുംബത്തെ മലയിൻകീഴ് പൊലീസ് സമീപത്തെ വീട്ടില്‍ മാറ്റി താമസിപ്പിച്ചു. ഐ.ബി. സതീഷ് എം.എൽ.എ.,വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സ്ഥലം സന്ദർശിച്ചു.