court

തിരുവനന്തപുരം : എഫ്.എ.സി.ടി യിൽ നിന്ന് വിരമിച്ച കൊച്ചി സ്വദേശികളായ ഏഴ് പേർക്ക് പെൻഷൻ നൽകാതിരിക്കാൻ അനാവശ്യ കേസുകൾ ഫയൽ ചെയ്ത പെൻഷൻ കമ്മിഷണർ, കീഴ്കോടതി വിധിച്ച പിഴ ഒടുക്കണമെന്നും വാദികൾക്ക് 5000 രൂപ വീതം കോടതി ചെലവ് നൽകണമെന്നും സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു. പെൻഷൻകാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്ന കീഴ്കോടതി ഉത്തരവിനെതിരെ റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർ നൽകിയ അപ്പീലിലാണ് ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് ജസ്റ്റിസ് സുരേന്ദ്രമോഹൻ,​ മെമ്പർ രഞ്ജിത് എന്നിവരുടെ ബഞ്ചിന്റെ വിധി.

രവീന്ദ്രനാഥൻ, ചന്ദ്രമണി, ശ്യാമപ്രസാദ്, ഉണ്ണി, ജോയി,ഗോവിന്ദൻ നായർ, വർഗ്ഗീസ് എന്നിവർക്ക് കുറഞ്ഞ പെൻഷനാണ് അനുവദിച്ചിരുന്നത്. ഇവരുടെ പരാതി പെൻഷൻ കമ്മിഷണർ കണക്കിലെടുത്തില്ല. അതിനെതിരെ ഏഴ് പേരും എറണാകുളം ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിച്ചു. പെൻഷൻ തെറ്റായി കണക്കാക്കിയ കമ്മിഷണറുടെ നടപടി പുനപരിശോധിക്കാനും പരാതിക്കാർക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം നൽകാനും ഫോറം വിധിച്ചിരുന്നു .ഇതിനെതിരെയാണ് പെൻഷൻ കമ്മിഷണർ സംസ്ഥാന ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. അകാരണമായി പെൻഷൻ തടയുകയും പെൻഷൻ നൽകാതിരിക്കാൻ നിലനിൽക്കാത്ത കേസുകൾ നൽകുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ ശിക്ഷാർഹരാണെന്ന് വിധിയിൽ പറഞ്ഞു.