തിരുവനന്തപുരം: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, പാലക്കാട് കുമാരനെല്ലൂരിലെ അക്കിത്തത്തിന്റെ വീടായ ദേവായനത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ബാലൻ പുരസ്‌കാരം സമ്മാനിച്ചു.
ദർശനവൈഭവംകൊണ്ട് ഋഷിതുല്യനായ കവിയാണ് അക്കിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരുപാധിക സ്‌നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ അടിസ്ഥാനശില. പരുക്കൻ ജീവിതാനുഭവങ്ങളെ ആധാരമാക്കിയാണ് ജീവിതാവബോധവും പ്രപഞ്ചബോധവും അദ്ദേഹം സൃഷ്ടിച്ചത്. മനുഷ്യന്റെ ഭൗതികമായ ആധികളെക്കുറിച്ചുമാത്രമല്ല, ദൈവികമായ ആധികളെക്കുറിച്ചും ആത്മീയമായ ആധികളെക്കുറിച്ചും അക്കിത്തം അന്വേഷിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം കമ്മ്യൂണിസ്റ്റ് വിരുദ്ധ കവിതയാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കൽ' എന്ന കാവ്യവുമായി കൂട്ടിവായിക്കേണ്ട കൃതിയാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജ്ഞാനപീഠം പുരസ്‌കാര സമിതി ചെയർപേഴ്‌സൻ പ്രതിഭാറായി, സമിതി ഡയറക്ടർ മധുസൂദനൻ ആനന്ദ്, എം.ടി.വാസുദേവൻ നായർ, ഇ.ടി.മുഹമ്മദ് ബഷീർ എം.പി എന്നിവർ ഓൺലൈനായി കവിക്ക് ആശംസ നേർന്നു. അക്കിത്തത്തിന്റെ മകൻ വാസുദേവൻ മറുപടി പ്രസംഗം വായിച്ചു. കവി പ്രഭാവർമ, സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി ഡോ.കെ.പി.മോഹനൻ, മാടമ്പ് കുഞ്ഞുക്കുട്ടൻ, ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, പി.പി.രാമചന്ദ്രൻ, പി.സുരേന്ദ്രൻ, വി.ടി.വാസുദേവൻ, പ്രൊഫ. എം.എം.നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, വി.ടി.ബൽറാം എം.എൽ.എ, ജില്ലാ കളക്ടർ ഡി.ബാലമുരളി തുടങ്ങിയവർ പങ്കെടുത്തു.
അക്കിത്തം അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന, ആത്മാരാമൻ തയ്യാറാക്കിയ 'അക്കിത്തം:സചിത്രജീവചരിത്രം' എന്ന പുസ്തകം പ്രകാശനം ചെയ്തു. മകനും ചിത്രകാരനുമായ വാസുദേവന്റെ ചിത്രങ്ങളടങ്ങിയതാണ് പുസ്തകം.
കലിഗ്രാഫിസ്റ്റ് നാരായണ ഭട്ടതിരി 15 ഭാഷകളിൽ അക്കിത്തത്തിന്റെ പേര് ആലേഖനം ചെയ്ത ഷാൾ അദ്ദേഹംതന്നെ അക്കിത്തത്തെ അണിയിച്ചു. 2019ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അർഹനായത്. 11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.