നെയ്യാറ്റിൻകര: സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രമെന്ന ബഹുമതി നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് സ്വന്തം. മുൻപ് ഉണ്ടായിരുന്ന 16 ഡയാലിസിസ് മെഷീനുകൾക്ക് പുറമേ കെ. ആൻസലൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് 14 മെഷീനുകകളാണ് ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ മെഷീനുകളുടെ എണ്ണം 30 ആയി ഉയർന്നു. ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന നൂറുകണക്കിന് രോഗികൾക്കാണ് ഈ വികസനം ആശ്വാസമാകുന്നത്. പുതിയ ഡയാലിസിസ് മെഷീന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. കെ. ആൻസലൻ എം.എൽ.എ, നെയ്യാറ്റിൻകര മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ. ഷിബു, ആശുപത്രി സൂപ്രണ്ട് ഡോ. വത്സല, പി.കെ. രാജ്‌മോഹൻ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.